Kerala
കാക്കനാട് ഭക്ഷ്യവിഷബാധ; കുടിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു
ഫ്‌ലാറ്റിന് താഴത്തെ ജല സംഭരണിയില്‍ മലിനജലം കയറിയതാകാം ആരോഗ്യപ്രശ്നത്തിന് കാരണമെന്നാണ് കരുതുന്നത്.
കൊച്ചി|കൊച്ചി കാക്കനാട്ടെ ഡിഎല്‍എഫ് ഫ്ലാറ്റില്‍ മുന്നൂറിലധികം പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും ഉണ്ടായ സംഭവത്തില്‍ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധന ഫലം പുറത്ത്. കുടിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. മെയ് 27, 28 തീയതികള്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് കാക്കനാട് വലിയ രീതിയിലുള്ള വെള്ളക്കെട്ട് ഉണ്ടായിരുന്നു.
ഫ്‌ലാറ്റിന്റെ താഴ്ഭാഗം വരെ മുങ്ങിപോകുന്ന അവസ്ഥയുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫ്‌ലാറ്റിന് താഴത്തെ ജല സംഭരണിയില്‍ മലിനജലം കയറിയതാകാം ആരോഗ്യപ്രശ്നത്തിന് കാരണമെന്നാണ് കരുതുന്നത്.
ജൂണ്‍ ഒന്നിനാണ് ഫ്ലാറ്റില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം കൂടുകയായിരുന്നു. ഇന്നലെ വരെ 338 പേര്‍ ചികിത്സ തേടിയെന്നാണ് വിവരം. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. അഞ്ച് വയസില്‍ താഴെയുള്ള 25ലധികം കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും പിടിപ്പെട്ടിട്ടുണ്ട്.
വരും ദിവസങ്ങളില്‍ ഫ്‌ലാറ്റില്‍ കൂടുതല്‍ പരിശോധനകളും ക്ലോറിനേഷന്‍ അടക്കമുള്ള നടപടികളും ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഫ്ലാറ്റിലെ കിണറുകള്‍, മഴവെള്ളം, ബോര്‍വെല്‍, മുനിസിപ്പല്‍ ലൈന്‍ തുടങ്ങിയവയാണ് ഫ്ലാറ്റിലെ പ്രധാന ജല സ്രോതസുകള്‍. നിലവില്‍ ഈ സ്രോതസുകള്‍ എല്ലാം അടച്ച് ടാങ്കര്‍ വഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റിലെ ജല ഉപയോഗം നടത്തുന്നത്. 15 ടവറുകളിലായി 1268 ഫ്ലാറ്റില്‍ 5000ത്തില്‍ അധികം ആളുകളാണ് താമസിക്കുന്നത്.