National
മഹാരാഷ്ട്രയിലെ സ്വകാര്യ കോച്ചിംഗ് സെന്ററിലെ 50ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; പോലീസ് അന്വേഷണം ആരംഭിച്ചു
നിലവില്‍ വിദ്യാര്‍ത്ഥികളുടെ നില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു.
പൂനെ|മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ സ്വകാര്യ കോച്ചിംഗ് സെന്ററിലെ 50ല ധികം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. സംഭവത്തെതുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഭക്ഷണം കഴിച്ചതിനുശേഷം വിദ്യാര്‍ത്ഥികള്‍ക്ക് വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നിലവില്‍ വിദ്യാര്‍ത്ഥികളുടെ നില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു.
ഖേഡ് താലൂക്കിലെ സ്വകാര്യ കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (ജെഇഇ), നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) എന്നിവയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോച്ചിംഗ് നല്‍കുന്ന സ്ഥാപനമാണിത്. ഇവിടെ 500ലധികം വിദ്യാര്‍ത്ഥികള്‍ താമസിച്ചു പഠിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായും ഭക്ഷണസാമ്പിളുകള്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചതായും അധികൃതര്‍ അറിയിച്ചു.