National
ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഒരു ഡസനിലധികം ചീറ്റകള്‍ ഇന്ത്യയിലെത്തും: കേന്ദ്രമന്ത്രി
നിലവില്‍, പ്രോജക്ട് ചീറ്റയുടെ രണ്ടാം ഘട്ടത്തിലാണ്.
ന്യൂഡല്‍ഹി| വരും മാസങ്ങളില്‍ 14 മുതല്‍ 16 വരെ ചീറ്റകള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വന്യജീവി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കും വേണ്ടി സര്‍ക്കാര്‍ സമഗ്രമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭാവി തലമുറകള്‍ക്കായി പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കേന്ദ്രമന്ത്രി പറഞ്ഞു. വന്യജീവികളെ സംരക്ഷിക്കുകയും അവ വളരുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് നമ്മുടെ പാരമ്പര്യത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണെന്നും സിന്ധ്യ പറഞ്ഞു. കഴിഞ്ഞ 9 വര്‍ഷമായി വന്യജീവി സംരക്ഷണത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചും കേന്ദ്രമന്ത്രി പറഞ്ഞു.
നിലവില്‍, പ്രോജക്ട് ചീറ്റയുടെ രണ്ടാം ഘട്ടത്തിലാണ്. കൂടാതെ ദക്ഷിണാഫ്രിക്കയുമായി ഒരു കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. പ്രൊജക്ട് ചീറ്റയ്ക്ക് കീഴില്‍ നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളെ വിമാനമാര്‍ഗം ഇന്ത്യയിലെത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കുനോ പാല്‍പൂര്‍ ദേശീയ ഉദ്യാനത്തില്‍ ഈ ചീറ്റപ്പുലികളെ തുറന്നുവിട്ടിരുന്നു.