Kerala
അമിതഭാരമാകുന്ന ബജറ്റ് നിര്‍ദേശങ്ങള്‍ പിന്‍വലിക്കണം: കേരള മുസ്‌ലിം ജമാഅത്ത്
ഇന്ധനവില വര്‍ധന ജനജീവിതം തീര്‍ത്തും ദുസ്സഹമാക്കും
തിരുവനന്തപുരം| രണ്ട് പ്രളയവും കൊവിഡ് വ്യാപനത്തിൻ്റെ ആഘാതവും അതിജീവിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്ന ഘട്ടത്തില്‍ താങ്ങാനാകാത്ത വിധം അമിത ഭാരം അടിച്ചേല്‍പ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിൻ്റെ ബജറ്റ് നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പപ്പെട്ടു.
നിലവില്‍ ദുരിതമായി തുടരുന്ന ഇന്ധനവില വര്‍ധന നിര്‍ദിഷ്ട സെസ് കൂടിയാകുമ്പോള്‍ ജനജീവിതം തീര്‍ത്തും ദുസ്സഹമാക്കും. ഇതോടൊപ്പം വിലക്കയറ്റമുള്‍പ്പെടെ സാധാരണക്കാരൻ്റെ നിത്യജീവിതത്തിൻ്റെ സര്‍വ മേഖലയെയും പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ കാര്യങ്ങളെ കൊണ്ടെത്തിക്കും.
ഇതിന് പുറമെ ഭൂമിയുടെ ന്യായവില വര്‍ധന ഉള്‍പ്പടെയുടെ പാവപ്പെട്ട ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി നിര്‍ദേശങ്ങളും ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പുനഃപരിശോധിക്കുകയും പിന്‍വലിക്കുകയും ചെയ്യണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
വൈസ് പ്രസിഡൻ്റ് മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി വിഷയാവതരണം നടത്തി. സെയ്ദലവി ചെങ്ങര, മജീദ് കക്കാട്, എ സൈഫുദ്ദീന്‍ ഹാജി, എന്‍ അലി അബ്ദുല്ല, പ്രൊഫ. യു സി അബ്ദുല്‍ മജീദ് കണ്ണൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.