Connect with us

National

വെല്ലുവിളികൾ അതിജയിച്ച് പൊതുതി; അനുഭവത്തിന്റെ ചൂടും ചൂരും പകർന്ന കരുത്തിൽ രാഷ്ട്രപതി ഭവനിലേക്ക്

രാജ്യത്തെവിടെയുമുള്ള ഗിരിവര്‍ഗ ജനത കടന്നു പോയിട്ടുള്ള കൊടിയ ജീവിതാനുഭവങ്ങള്‍ തന്നെയാണ് ദ്രൗപദി മുര്‍മു എന്ന ജനനേതാവിനെ സൃഷ്ടിച്ചത്. അനുഭവത്തിന്റെ ചൂടും ചൂരും അനുഭവിച്ചു രാഷ്ട്രീയവും ജീവിതവും കണ്ടറിഞ്ഞ ആ നേതാവ് ഭരണഘടനാ പദവികള്‍ക്കൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനത്തിലും നിരന്തരം ഇടപെട്ടു.

Published

|

Last Updated

ഇഷ്ടാനിഷ്ടങ്ങള്‍ നിര്‍ഭയം പ്രകടിപ്പിക്കുകയും തുറന്നു പറയേണ്ട സന്ദര്‍ഭങ്ങളില്‍ സധൈര്യം പറയുകയും ചെയ്ത ധീരവനിതയുണ്ട് മഹാഭാരതത്തിൽ. പേര് ദ്രൗപതി. ഏതൊരു പരീക്ഷണ ഘട്ടത്തിലും കര്‍ത്തവ്യ നിര്‍വഹണം സഫലമാക്കിയ മനക്കരുത്തിനുടമയായിരുന്നു മഹാഭാരതത്തിലെ ദ്രൗപതി. വ്യാസ ഭാവനിയില്‍ പിറന്നതാണ് ആ ദ്രൗപതിയെങ്കിൽ, ഇന്ന് ഇന്ത്യയുടെ അത്യുന്നതിയിൽ മറ്റൊരു യഥാർഥ ദ്രൗപതി സ്ഥാനമുറപ്പിച്ചിരിക്കുന്നു. ജനത കരുത്തേറെയുള്ള ഒരു രാഷ്ട്ര നേതാവിനെ ആഗ്രഹിച്ചു നില്‍ക്കുന്ന സങ്കീര്‍ണതകളുടെ കാലത്താണ് ദ്രൗപതി മുർമു രാഷ്ട്രപതിയായി കടന്നെത്തുന്നത്.

മഹാരഥന്മാര്‍ വാണ രാഷ്ട്രപതി ഭവനില്‍ ഇനി ദ്രൗപദി മുര്‍മു എന്ന പേരുണ്ടാവും. ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്നതുമുതല്‍ രാജ്യത്തിന് ആ പേരു സുപരിചിതമായിരുന്നു. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന ജാര്‍ഖണ്ഡിലെ ആദ്യ ഗവര്‍ണര്‍ എന്ന ഖ്യാതിയോടെയാണ് ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യ വ്യക്തിയായി അവര്‍ രാഷ്ട്രപതിഭവനിലേക്കു ചുവടുവയ്ക്കുന്നത്.

പരുക്കനായ ഗിരിവര്‍ഗ ജീവിതത്തിന്റെ അനുഭവങ്ങള്‍ ഏറെയുള്ള സന്താള്‍ വിഭാഗത്തില്‍ പിറന്ന അവര്‍ക്കു കണ്ണീരിന്റേയും വിയര്‍പ്പിന്റേയും വില നന്നായി അറിയാനാവും. ഒഡീഷയിലെ മയൂര്‍ഗഞ്ച് ജില്ലയിലെ ബൈദ്പോസി ഗ്രാമത്തില്‍ പിച്ചവച്ചു വളര്‍ന്ന അവര്‍ക്ക് രാജ്യത്തെ അടിസ്ഥാന ജനതയുടെ ജീവിതം സ്വന്തം നേരനുഭവങ്ങളാണ്.

ബിരാഞ്ചി നാരായണ്‍ ടുഡുവിന്റെ മകളായി 1958 ജൂണ്‍ 20 പിറന്ന കുട്ടി കടന്നുവന്ന വഴികളെല്ലാം കടുത്ത വെല്ലുവിളികളുടേതായിരുന്നു. സ്വന്തം ജില്ലയില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഭുവനേശ്വറിലെ രമാദേവി മഹിളാ മഹാവിദ്യാലയത്തില്‍ നിന്ന് ബിരുദമെടുത്തതോടെയാണ് അവരുടെ ജീവിതത്തില്‍ പുതുവഴികള്‍ തെളിഞ്ഞത്.

ജലസേചന വകുപ്പിലും വൈദ്യുതി വകുപ്പിലുമായി ആദ്യകാലത്തു ജോലി കിട്ടിയപ്പോള്‍ വലിയ ആശ്വാസമായി. അരബിന്ദോ ഇന്റഗ്രല്‍ എജ്യുക്കേഷന്‍ സെന്ററില്‍ ഓണററി അസിസ്റ്റന്റ് ടീച്ചറായും പ്രവര്‍ത്തിച്ചു. ശ്യാം ചരണ്‍ മുര്‍മുവിനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമുണ്ടായി. ഭര്‍ത്താവിന്റെ വേര്‍പാടിനു ശേഷം രണ്ട് ആണ്‍മക്കളും മരണപ്പെട്ട കടുത്ത വേദനയുടെ നാളുകളിലൂടെ അവര്‍ക്കു സഞ്ചരിക്കേണ്ടി വന്നു. വിയോഗത്തിന്റെ വേദനകള്‍ കടിച്ചമര്‍ത്തി അവര്‍ മകളെ പഠിപ്പിക്കുകയും വിവാഹം കഴിപ്പിക്കുകയും ചെയ്തു.

ഒഡീഷയിലെ റൈരംഗ്പൂര്‍ നഗര്‍ പഞ്ചായത്തില്‍ കൗണ്‍സിലറായാണ് 1997-ല്‍ മുര്‍മു രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. രാഷ്ട്രീയത്തിലെ ആദ്യ ചുവടു പിഴച്ചില്ല. ഭാരതീയ ജനതാ പാര്‍ട്ടി ഗോത്രവിഭാഗത്തില്‍ നിന്നുള്ള മികച്ചൊരു നേതാവിനെ അവരില്‍ കണ്ടെത്തി. 2000-ത്തില്‍ ഒഡീഷ നിയമസഭാംഗമായി ജയിച്ചുകയറാന്‍ പാര്‍ട്ടി അവര്‍ക്കുവഴിയൊരുക്കി. ആ വിജയാരവത്തിന്റെ ആരവത്തില്‍ പാര്‍ട്ടി അവരെ മന്ത്രിപദത്തിലേക്ക് ആനയിച്ചു. ഒഡീഷ നിയമസഭയുടെ മികച്ച എം എല്‍ എക്കുള്ള പുരസ്‌കാരം കരഗതമാവും വിധം അവര്‍ സ്വന്തം ജനയുടെ പ്രശ്‌നങ്ങളില്‍ ആണ്ടിറങ്ങി.

രാജ്യത്തെവിടെയുമുള്ള ഗിരിവര്‍ഗ ജനത കടന്നു പോയിട്ടുള്ള കൊടിയ ജീവിതാനുഭവങ്ങള്‍ തന്നെയാണ് ദ്രൗപദി മുര്‍മു എന്ന ജനനേതാവിനെ സൃഷ്ടിച്ചത്. അനുഭവത്തിന്റെ ചൂടും ചൂരും അനുഭവിച്ചു രാഷ്ട്രീയവും ജീവിതവും കണ്ടറിഞ്ഞ ആ നേതാവ് ഭരണഘടനാ പദവികള്‍ക്കൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനത്തിലും നിരന്തരം ഇടപെട്ടു.

ഒട്ടേറെ പദവികള്‍ പാര്‍ട്ടി അവരെ ഏല്‍പ്പിച്ചു. ബി ജെ പി എസ് ടി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ നിര്‍വാഹക സമിതി അംഗമായി അവര്‍ സ്വന്തം ജനതയുടെ ജീവിതങ്ങള്‍ക്കുവേണ്ടി അത്യധ്വാനം ചെയ്തു. മകള്‍ ഇതിശ്രീ ഭര്‍ത്താവും ഗോള്‍ഫ് താരവുമായ ഗണേഷ് ഹെംബ്രാമിനും മകള്‍ക്കുമൊപ്പം ഭുവനേശ്വറിലാണ് താമസം.

രാജ്യത്തെ ആദ്യ ഗോത്രവര്‍ഗ പ്രസിഡന്റ് എന്നത് വിലമതിക്കാനാവാത്ത അംഗീകാരമാണ്. തലമുറകളായി അടിച്ചമര്‍ത്തപ്പെട്ട ഒരു ജനത ദ്രൗപതി യുടെ സ്ഥാനാരോഹണത്തില്‍ ഏറെ പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തുന്നു. ഭരണഘടനാ പദവിയുടെ ഉത്തരവാദിത്ത നിര്‍വഹണത്തില്‍ അവരുടെ വാക്കുകള്‍ക്കുവേണ്ടി രാജ്യം ഇനി കാത്തിരിക്കും. വൈവിധ്യങ്ങളുടെ ഇന്ത്യയെ, മനുഷ്യല്‍ സോദരത്വേന വാഴുന്ന ഇന്ത്യയെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള ദൗത്യം ഏറ്റെടുത്താണ് അവര്‍ റൈസീന കുന്നിലേക്കു നീങ്ങുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്