feature
വെല്ലുവിളി അതിജീവിച്ച്; സ്നേഹകരം
പ്രതിസന്ധികളെ അതിജയിച്ച് മുന്നോട്ട് ഗമിക്കുകയാണ് രാജേഷ്. നാൽപ്പത്തിമൂന്ന് വർഷമായി അനുഭവിക്കുന്ന രോഗത്തിന്റെയും ജീവിത അസ്വസ്ഥതകളുടെയും ഇടയിൽ ഓർമവെച്ച നാൾ മുതൽ താൻ കഷ്ടപ്പെട്ടുണ്ടാക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് തന്നേക്കാൾ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് കൂടി നൽകണമെന്ന് നിർബന്ധമാണ് ഈ മനുഷ്യസ്നേഹിക്ക്. ശരീരത്തിന്റെ പകുതിയിലേറെയും നിശ്ചലമായ അവസ്ഥയിലും മറ്റുള്ളവരുടെ നൊമ്പരം അകറ്റാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യാൻ രാജേഷ് എപ്പോഴും മുന്നിലാണ്.

“ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുക്കാത്ത ഒരു മതങ്ങളും ഭുമിയിലില്ല. അതുകൊണ്ടുതന്നെ ഞാൻ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു,സ്‌നേഹിക്കുന്നു. മതങ്ങൾ പറയുന്ന വഴികളെല്ലാം ദൈവത്തിങ്കലേക്കുള്ളതാണ്. ആ വഴി ഞാനും തിരഞ്ഞെടുത്തു. എത്ര കലുഷിതമായ പ്രശ്‌നങ്ങളേയും മനസ്സ് കൊണ്ട് കീഴ്പെടുത്താനാകും. അതാണ് എന്റെ അനുഭവം. കൈയിലുള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവനാണ് കോടീശ്വരൻ. കൂടുതൽ വേണം എന്ന ചിന്തയുള്ള മനസ്സ് എപ്പോഴും കലുഷിതമായിരിക്കും. മനസ്സ് നിറയെ സ്‌നേഹമുള്ളവർക്കെ മറ്റുള്ളവരെ സഹായിക്കാൻ കഴിയൂ… അതിലൂടെ അവർക്കു കിട്ടുന്ന സംതൃപ്തി മറ്റാർക്കും എവിടെയും കിട്ടില്ല. സ്‌നേഹമാണ് എന്റെ മതം…’ ഒരു താത്വികനെപ്പോലെ കായംകുളം കീരിക്കാട് കുളങ്ങരശ്ശേരിൽ കടവ് രാജേഷ് എന്ന നാൽപ്പത്തിമൂന്നുകാരൻ ഇതു പറയുമ്പോൾ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷവും സംതൃപ്തിയും. ഒപ്പം ജീവിതവഴിയിൽ അനുഭവിക്കേണ്ടിവന്ന നൊമ്പരങ്ങളുടെ വേലിയേറ്റവും ഇടക്കിടക്ക് മുഖത്ത് മിന്നിമറയുന്നതും കാണാം.
വേറിട്ട ജീവിതം
തനിക്കുപാതി മറ്റുള്ളവർക്കു പാതി എന്നതാണ് രാജേഷിന്റെ തത്വം. നാൽപ്പത്തിമൂന്ന് വർഷമായി അനുഭവിക്കുന്ന രോഗങ്ങൾക്കും ജീവിത അസ്വസ്ഥതകൾക്കിടയിലും ഓർമവെച്ചനാൾ മുതൽ താൻ കഷ്ടപ്പെട്ടുണ്ടാക്കുന്ന വരുമാനത്തിന്റെ പകുതി തന്നേക്കാൾ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കു കൂടി നൽകണമെന്നു രാജേഷിനു നിർബന്ധമാണ്. അതുകൊണ്ടുതന്നെ ശരീരത്തിന്റെ പകുതിയിലേറെയും നിശ്ചലമായ അവസ്ഥയിലും മറ്റുള്ളവരുടെ നൊമ്പരം അകറ്റാൻ തന്നേക്കൊണ്ടു കഴിയുന്നതെല്ലാം ചെയ്യാൻ രാജേഷ് എപ്പോഴും മുന്നിലാണ്.
അതുകൊണ്ടൊക്കെയാകാം എല്ലാ ജീവിത പ്രതിസന്ധിയേയും തരണംചെയ്തു ചിരിക്കുന്ന മുഖവുമായി നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോകാൻ ദൈവം തനിക്ക് കരുത്തു നൽകുന്നതെന്നും രാജേഷ് ഉറച്ചു വിശ്വസിക്കുന്നു. ഒന്നര വയസ്സിൽ പോളിയോ ബാധിച്ച രാജേഷിനെ കൂലിപ്പണിക്കാരനായ പിതാവ് രഘുനാഥ് കാണിക്കാത്ത ഡോക്ടർമാറില്ല. കൊണ്ടുപോകാത്ത ആശുപത്രികളുമില്ല. ഒടുവിൽ അവർ വിധിയെഴുതി; ഇനി രോഗം ഭേദമാകില്ലെന്ന്. എങ്കിലും അൽപ്പം ബുദ്ധിമുട്ടിയാണെങ്കിലും നടക്കാൻ കഴിയുമായിരുന്ന രാജേഷിനെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ പിതാവ് ഏറെ താത്പര്യമെടുത്തിരുന്നു. പഠിക്കാൻ ഏറെ താത്പര്യം കാണിച്ച രാജേഷ് പഠനം തുടരാൻ പിതാവ് വേണ്ടതെല്ലാം ചെയ്തു. അങ്ങനെ പല ഘട്ടങ്ങളും തരണം ചെയ്തു ബി എ മലയാളം ബിരുദം എടുക്കാനും കഴിഞ്ഞു.
തുടർന്ന് നാല് വർഷത്തോളം പാരലൽ കോളജ് അധ്യാപകനായും ജോലി ചെയ്തു. പോളിയോ രോഗത്തിന്റെ തീവ്രതയിൽ നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും രാജേഷിന്റെ മനസ്സിൽ മറ്റൊരു മോഹവും ഉദിച്ചിരുന്നു. തന്നെപ്പോലെ ശാരീരിക വെല്ലുവിളിയുള്ള ഒരാളെത്തന്നെ ജീവിത സഖിയാക്കണമെന്ന ആഗ്രഹമായിരുന്നു അത്. അങ്ങനെ 2003ൽ തൊണ്ണൂറ് ശതമാനവും കേൾവിയും സംസാരശേഷിയും നഷ്ടപ്പെട്ട ഹരിപ്പാട് കണ്ടല്ലൂർ ബിന്ദു ഭവനത്തിൽ ആനന്ദന്റെയും പഞ്ചമിയുടെയും മകളായ സ്വപ്നയെ വിവാഹവും കഴിച്ചു. തന്റെ ശാരീരിക പരിമിതികൾക്കുള്ളിൽ നിന്ന് പല ജോലികളും ചെയ്താണ് ജീവിതം തള്ളിനീക്കിയതെങ്കിലും ആ വരുമാനം കൊണ്ട് ജീവിക്കാനാകാതെ വന്നതോടെ 2006ൽ പലരുടെയും സഹായത്തോടെ സ്വന്തമായി ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റം ആരംഭിക്കുകയും ഒപ്പം പെട്ടി ഓട്ടോ ഓടിക്കാനും തുടങ്ങി
വീണ്ടും പരീക്ഷണം
2010 ആയപ്പോഴേക്കും ഇടതുകാലിനു ബലംകുറയുന്നതായി അനുഭവപ്പെട്ടതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ ന്യൂറോളജി വിഭാഗം മേധാവി ഡോ. റോബർട്ട് മാത്യൂവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രാജേഷിനു “പോസ്റ്റ്‌പോളിയോസിൻഡ്രം’ എന്ന രോഗമാണെന്ന് കണ്ടെത്തി. ഇതു സംബന്ധിച്ച് കൂടുതൽ പരിശോധനക്കായി തിരുവനന്തപുരം ശ്രിചിത്ര മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും പതിനാല് ഡോക്ടർമാർ ഒമ്പത് ദിവസം ഗവേഷണം നടത്തിയതിനെത്തുടർന്ന് നാഡീവ്യൂഹങ്ങൾ ശോഷിച്ചു പേശികൾ തകരുന്ന രോഗമാണെന്നു സ്ഥിരീകരിച്ചു.
എന്നാൽ ആ രോഗത്തിനുള്ള മരുന്നും ലഭ്യമല്ലായിരുന്നു. 2013 നവംബർ ആയപ്പോഴേക്കും ശരീരം പൂർണമായും തളർന്നു കഴിഞ്ഞിരുന്നു. വാട്ടർ ബെഡ്ഡിലായി കിടപ്പ്. ഒപ്പം സോഷ്യൽ മീഡിയകളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും രാജേഷിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് വാർത്തകൾ പരന്നതോടെ ഒട്ടേറെപ്പേർ സഹായിക്കാനായി മുന്നോട്ടുവന്നു. തുടർന്ന് ഒന്നര വർഷത്തോളം ഫിസിയോതെറാപ്പിയും ചെയ്തു. ക്രച്ചസിലും വീൽചെയറിലും ഇരിക്കാനും നടക്കാനും ആരംഭിച്ചതോടെ രാജേഷിന് കൂടുതൽ ആത്മവിശ്വാസം ഉടലെടുത്തു. ഇതിനിടയിൽ പഴയ ജനറേറ്ററിന്റെ ബിസിനസും ആരംഭിച്ചു. എല്ലാ പ്രതിസന്ധികളേയും മനസ്സിന്റെ ആത്മധൈര്യം ഒന്നുകൊണ്ടുമാത്രം അതിജീവിക്കുകയും അതിനിടയിലും തനിക്കു കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് മറ്റുള്ളവർക്കു കൊടുക്കാനും രാജേഷ് മറന്നില്ല. 2018ൽ മറ്റൊരാളിന്റെ ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്യുമ്പോൾ വാഹനാപകടമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.
ചികിത്സയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ രക്തത്തിൽ പ്ലേറ്റ് ലെറ്റിന്റെ അളവ് വലിയ തോതിൽ കുറയുന്നതായും കണ്ടെത്തി. ഒപ്പം മൂക്കിൽ നിന്നും രക്തം വരുന്ന അവസ്ഥയുമായി. അതിനു തുടർചികിത്സയും വേണ്ടിവന്നു. ആയുർവേദ ചികിത്സയിലൂടെയാണ് അതു ഭേദമായതെന്ന് രാജേഷ് പറയുന്നു. പിന്നെയും അപകടങ്ങൾ രാജേഷിനെ പിന്തുടർന്നുകൊണ്ടേയിരുന്നു. 2020ൽ മൈക്രോഫോണിൽ നിന്നുള്ള ഷോക്കേറ്റു നട്ടെല്ലും തൊളെല്ലും പൊട്ടിയ സംഭവവുമുണ്ടായി.
2021 ആയപ്പോഴേക്കും കൊവിഡും ബാധിച്ചു. മെഡിക്കൽ കോളജിൽ ക്രിട്ടിക്കൽ യൂനിറ്റിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാരെപ്പോലും അതിശയപ്പിച്ചു കൊവിഡ് രാജേഷിനെ ഉപേക്ഷിച്ചു കടന്നുപോയി. ആ ചികിത്സക്കിടയിൽ ഹൃദയസ്ംഭനം ഉണ്ടാകുകയും ഹൃദയത്തിൽ അഞ്ച് ബ്ലോക്കുള്ളതായി കണ്ടെത്തുകയും ഒപ്പം ശസ്ത്രക്രിയക്ക് വിധേയനാകുകയുമുണ്ടായി. നാൽപ്പത്തിയാറ് ദിവസം പിന്നിട്ടപ്പോഴേക്കും മസ്തിഷ്‌കാഘാതവും കടന്നുവന്നു. എങ്കിലും വലിയ താമസമില്ലാതെ അതിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഇപ്പോഴും അതിന്റെ അസ്വസ്ഥതകൾ രാജേഷിനെ അലട്ടുന്നുണ്ട്. 2023ൽ കാൽതെറ്റി വീണു വലതുകാൽ ഒടിഞ്ഞു മൂന്ന് ശസ്ത്രക്രിയക്കും വിധേയനായി. തുടർന്ന് വീണ്ടും മസ്തിഷ്കാഘാതം വന്നെങ്കിലും അതിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.
അപര സ്നേഹി
വ്യത്യസ്ത രോഗങ്ങളും അപകടങ്ങളും അസ്വസ്ഥകളും ഒന്നിനു പിന്നാലെ ഒന്നായി രാജേഷിനെ ആക്രമിച്ചുകൊണ്ടിരുന്നെങ്കിലും തന്റെ വരുമാനത്തിന്റെ ഒരുഭാഗം തന്നേക്കാൾ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക്് നൽകണമെന്നായിരുന്നു രാജേഷിന്റെ തീരുമാനം. 2016 മുതൽ എൺപതോളം പേരെ തെരുവിൽ നിന്നും അഭയകേന്ദ്രങ്ങളിലെത്തിക്കാനായി. കൊവിഡ് കാലത്ത് ഒട്ടേറെ ഭിന്നശേഷിക്കാർക്ക് മരുന്നും ഭക്ഷണവും എത്തിക്കാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. ഓൾകേരള പെയിന്റേഴ്‌സ് ആൻഡ് കോൺട്രാക്ടേഴ്‌സ് അസോസിയേഷന്റെ സഹായത്തോടെ ജില്ലാ കലക്ടറേറ്റ്, പോലീസ് സ്‌റ്റേഷനുകൾ, ബേങ്കുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അണുനശീകരണം നടത്താനും സാധിച്ചു.
നാടും നഗരവുമെല്ലാം ഒന്നായി വിറങ്ങലിച്ചു നിന്ന് പ്രളയകാലത്ത് വ്യക്തിബന്ധങ്ങൾ ഉപയോഗിച്ച് ക്യാമ്പുകളിൽ ഭക്ഷണങ്ങൾ വിതരണം ചെയ്യാനും രാജേഷ് മുന്നിലുണ്ടായിരുന്നു. കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി ഏറെ രൂക്ഷമായതോടെ കെട്ടിട നിർമാണ മേഖലയിലും രാജേഷ് ജോലിചെയ്തു. ഇരുപത്തിയഞ്ചോളം ഭിന്നശേഷിക്കാർച്ച് ലോട്ടറി കൗണ്ടറുകളും നിർധന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകളും വാങ്ങി നൽകി. തെരുവിൽ കിടക്കുന്നവരേയും മക്കൾ ഉപേക്ഷിച്ചവരേയുമൊക്കെ അഭയകേന്ദ്രങ്ങളിൽ എത്തിക്കാനായതും രാജേഷ് ഏറെ സംതൃപ്തിയോടെ ചെയ്ത പ്രവൃത്തിയായി സ്മരിക്കുന്നു.
ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾക്ക് ചികിത്സാ സഹായം ചെയ്തതും കിടപ്പു രോഗികൾക്ക് ഭക്ഷണങ്ങൾ വിതരണം ചെയ്തതും നിർധനരായ രണ്ട് പെൺകുട്ടികളെ വിവാഹം ചെയ്തയക്കാൻ സാമ്പത്തിക സഹായം നൽകിയതും മൂന്ന് പേർക്ക് വീടുവെച്ചു കൊടുത്തതുമെല്ലാം രാജേഷിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ബാക്കിപത്രമാണ്. 21 വീൽ ചെയറുകൾ, വാക്കർ, സ്‌ക്രെച്ചസ് തുടങ്ങിയവ വിതരണം ചെയ്തതും അക്കൂട്ടത്തിലുണ്ട്. ജീവിതത്തിൽ നൊമ്പരം ഏറ്റുവാങ്ങാൻ മാത്രം വിധിക്കപ്പെട്ട രാജേഷിനെ സഹായിക്കാൻ ഒട്ടേറെ പേർ രംഗത്തെത്തിയിരുന്നു. അവരെയെല്ലാം സ്‌നേഹത്തോടെ സ്മരിക്കുമ്പോഴും സ്വന്തമായി ഒരു വീട് വേണമെന്ന ആഗ്രഹം പൂർത്തീകരിക്കാനും രാജേഷിനായി. ഇപ്പോൾ ചെറിയ വീടുകളുടെ പണികൾ ഏറ്റെടുത്ത് ചെയ്യുന്ന ഒരു ചെറു “കോൺട്രാക്ടർ’ ആയി രാജേഷ് മാറിയിട്ടുണ്ട്. ഒപ്പം വരുമാനത്തിന്റെ ഒരു ഭാഗം പാവങ്ങൾക്കായി മാറ്റിവെക്കുന്നു.
സാഹിത്യരംഗത്തേക്ക്…
വായിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന രാജേഷ് കവിതകൾ രചിക്കുന്നതിലും ഏറെ തത്പരനായിരുന്നു. നിരവധി ഭക്തിപ്പാട്ടുകൾ ഉൾപ്പെടെ നൂറോളം ഗാനങ്ങളും രചിച്ചിട്ടുണ്ട്. കൂടാതെ സമകാലിക വിഷയങ്ങൾ ഉൾപ്പെടുത്തി ഒട്ടേറെ ഓണപ്പാട്ടുകൾ രചിച്ചിട്ടുണ്ട്. ഇതിനോടകം 135 ആൽബങ്ങളും പുറത്തിറക്കി. പ്രമുഖ സാഹിത്യകാരൻ ഒ എൻ വി കുറുപ്പ് തന്നെ കാണാൻ എത്തിയത് ജീവിതത്തിലെ സന്തോഷം നിറഞ്ഞ അനുഭവമായും രാജേഷ് ഓർക്കുന്നു.