Ongoing News
അമിത ചൂടാകല്‍, നിറം മാറ്റം; പുതിയ ഐഫോണ്‍ ഉപയോക്താക്കള്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ഉപയോഗിക്കാത്തപ്പോള്‍ പോലും അത് ചൂടാകുന്നു എന്നാണ് ചിലര്‍ വ്യക്തമാക്കിയത്
ദുബൈ | സെപ്തംബര്‍ 22 ന് യുഎഇയില്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പുറത്തിറങ്ങിയ പുതിയ ശ്രേണിയിലുള്ള ഐഫോണ്‍ മോഡലുകള്‍ക്ക് നിരവധി പ്രശ്നങ്ങള്‍ ഉള്ളതായി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫോണിന്റെ പുതിയ മോഡല്‍ വാങ്ങുന്നവരുടെ വര്‍ധിച്ച നിര രൂപപ്പെട്ടിരുന്നു. പുതിയ സെറ്റ് സ്വന്തമാക്കിയവര്‍ സന്തോഷവും അഭിമാനവും പങ്കിട്ടപ്പോള്‍, ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കള്‍ ഒന്നിലധികം പ്രശ്‌നങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഐഫോണ്‍ 15 – പ്രോ, പ്രോ മാക്‌സ് എന്നിവ അമിതമായി ചൂടാക്കുന്നതിനെക്കുറിച്ച് ധാരാളം ഉപയോക്താക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്. ഉപയോഗിക്കാത്തപ്പോള്‍ പോലും അത് ചൂടാകുന്നു എന്നാണ് ചിലര്‍ വ്യക്തമാക്കിയത്. പരാതികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആപ്പിള്‍ പ്രശ്‌നത്തോട് പ്രതികരിച്ചിട്ടുണ്ട്. ചൂടാകുന്നത് തടയാന്‍ ഐ ഓ എസ് 17 സിസ്റ്റത്തിലേക്കുള്ള അപ്ഡേറ്റിനായി പ്രവര്‍ത്തിക്കുകയാണെന്ന് കമ്പനി അറിയിച്ചു.
ചില ഉപയോക്താക്കള്‍ പഴയ ഐഫോണില്‍ നിന്ന് പുതിയതിലേക്ക് ഡാറ്റ കൈമാറുന്നതില്‍ പ്രശ്നമുണ്ടെന്ന് പറഞ്ഞു. ആപ്പിള്‍ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് നല്‍കിയെങ്കിലും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. ഉപയോക്താക്കള്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് അത് പുനഃസ്ഥാപിക്കണമെന്നാണ് നിര്‍ദേശം.
പുതിയ ഫീച്ചറായ ടൈറ്റാനിയം ഫ്രെയിം നിറം മാറുന്നതായും ചില ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫ്രെയിമുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ചര്‍മ്മത്തില്‍ നിന്നുള്ള എണ്ണയാണ് നിറവ്യത്യാസത്തിന് കാരണമെന്നാണ് ആപ്പിള്‍ വ്യക്തമാക്കുന്നത്