Kerala
കണ്ണൂരില്‍ പ്രവാസിയില്‍ നിന്നും കൈക്കൂലി വാങ്ങവെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍
പരാതിക്കാരന്‍ പലപ്രാവശ്യം അനുമതിക്കായി മുന്‍സിപ്പാലിറ്റിയില്‍ അന്വേഷിച്ചു ചെന്നെങ്കിലും ഓവര്‍സിയര്‍ ആയ ബിജു ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറിയിരുന്നു
കണ്ണൂര്‍ | പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ ബിജുവിനെ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ സ്വദേശിയായ പ്രവാസി പയ്യന്നൂരില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ അനുമതിക്കായി ഇക്കഴിഞ്ഞ ഏപ്രില്‍ മാസം പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ നല്‍കിയിരുന്നു.
പരാതിക്കാരന്‍ പലപ്രാവശ്യം അനുമതിക്കായി മുന്‍സിപ്പാലിറ്റിയില്‍ അന്വേഷിച്ചു ചെന്നെങ്കിലും ഓവര്‍സിയര്‍ ആയ ബിജു ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറിയിരുന്നു. ഇക്കഴിഞ്ഞ 21 തീയതി പരാതിക്കാരന്‍ ബിജുവിനെ കണ്ടപ്പോള്‍ 25,000 രൂപ കൈക്കൂലി നല്‍കിയാല്‍ നിര്‍മ്മാണാനുമതി വേഗത്തില്‍ നല്‍കാമെന്നറിച്ചു. പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് കണ്ണൂര്‍ ഡി വൈ എസ് പി ബാബു പെരിങ്ങോത്തിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം കെണി ഒരുക്കി ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ മുനിസിപ്പാലിറ്റി ഓഫീസിന് പുറത്ത് കാറില്‍ വച്ച് ബിജു 25,000 രൂപ കൈക്കൂലി വാങ്ങവെ കയ്യോടെ പിടികൂടുകയായിരുന്നു
അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്പെക്ടര്‍ അജിത്ത്, സബ് ഇന്‍സ്പെക്ടര്‍ അശോകന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ പ്രവീണ്‍, നിജേഷ്, ജയശ്രീ എസ് സി പി ഒമാരായ സുകേഷ്, സജിന്‍, വിജിത്ത് എന്നിവര്‍ അടങ്ങിയിരുന്നു.