Connect with us

Health

ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് പഠനം

ഇന്‍ഫക്ഷനെതിരെ ഉപയോഗിക്കുന്ന പലതരം ആന്റിബയോട്ടിക്കുകളും കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നവയാണ്.

Published

|

Last Updated

തേഞ്ഞിപ്പലം | ആന്റിബയോട്ടിക്കുകളുടെ ക്രമരഹിതവും അമിതവുമായ ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് ഗവേഷണ പഠനം. കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര പഠന വകുപ്പിലെ ധനുഷ ശിവരാജന്റെ പി എച്ച് ഡി പഠനം ‘എക്‌സ്പിരിമെന്റല്‍ ബ്രെയിന്‍ റിസര്‍ച്ച്’ എന്ന പ്രമുഖ ശാസ്ത്ര ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സര്‍വകലാശാലാ പഠന വകുപ്പിലെ സീബ്രാ മത്സ്യങ്ങളില്‍ പെന്‍സിലിന്‍ ജി, സിപ്രഫ്‌ളോക്‌സാസിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ പ്രയോഗിച്ചായിരുന്നു പരീക്ഷണം. മനുഷ്യനുമായി 80 ശതമാനം വരെ ജനിതക സാമ്യമുള്ളവയാണ് സീബ്രാ മത്സ്യങ്ങള്‍. ഇന്‍ഫക്ഷനെതിരെ ഉപയോഗിക്കുന്ന പലതരം ആന്റിബയോട്ടിക്കുകളും കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നവയാണ്.

മരുന്നു നല്‍കിയ മത്സ്യങ്ങളുടെയും അല്ലാത്തവയുടെയും ചലനങ്ങള്‍ സോഫ്റ്റ്വെയര്‍ സഹായത്തോടെ രേഖപ്പെടുത്തിയാണ് താരതമ്യ പഠനം നടത്തിയത്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാര സാധ്യതക്കും അവയുടെ തീവ്രത വര്‍ധിപ്പിക്കാനും കാരണമാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്നുണ്ടാകുന്ന അസുഖങ്ങള്‍ക്ക് സ്വയംചികിത്സയുടെ ഭാഗമായി ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് നിയന്ത്രിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങിക്കുന്ന മരുന്നുകള്‍ കൃത്യമായ കാലാവധിയോ അളവോ നോക്കാതെ ഉപയോഗിക്കുന്ന പ്രവണത കാരണം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന തരം രോഗാണുക്കളെ സൃഷ്ടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.