Connect with us

From the print

അമിത ജോലിഭാരം; അന്നയുടെ മരണം അന്വേഷിക്കുമെന്ന് കേന്ദ്ര മന്ത്രി

മലയാളിയായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്അന്ന സെബാസ്റ്റ്യന്‍ പുണെയില്‍ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണമുണ്ടാകുമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി ശോഭ കരന്തലജെ.

Published

|

Last Updated

ന്യൂഡല്‍ഹി | മലയാളിയായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്അന്ന സെബാസ്റ്റ്യന്‍ പുണെയില്‍ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണമുണ്ടാകുമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി ശോഭ കരന്തലജെ. മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സാമൂഹിക മാധ്യമത്തിലെ കുറിപ്പ് പങ്കുവെച്ചാണ് ഇക്കാര്യം അറിയിച്ചത്.

തൊഴിലിടത്തെ സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തെ കുറിച്ചുള്ള ആരോപണത്തില്‍ അന്വേഷണം നടക്കുമെന്നും നീതി ഉറപ്പാക്കുമെന്നും മന്ത്രി സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു.

ബഹുരാഷ്ട്ര കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനിയിലെ ജീവനക്കാരിയായ വൈക്കം സ്വദേശിനി അന്ന ജൂലൈ 20നാണ് താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ജോലിയില്‍ പ്രവേശിച്ച് നാല് മാസമാകുമ്പോഴായിരുന്നു മരണം. ജോലി സമ്മര്‍ദമാണ് മരണത്തിന് കാരണമെന്നും സംസ്‌കാര ചടങ്ങില്‍ പോലും സ്ഥാപനത്തില്‍ നിന്ന് ആരും പങ്കെടുത്തില്ലെന്നുമുള്ള ആരോപണവുമായി കുടുംബം രംഗത്തെത്തുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കന്പനി ചെയര്‍മാന് അന്നയുടെ മാതാവ് കത്ത് അയച്ചിരുന്നു.

അന്നയുടെ മരണത്തില്‍ അന്വേഷണം നടത്തുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അന്നയുടെ മരണത്തില്‍ അതീവ ദുഃഖമുണ്ടെന്നും കുടുംബത്തിന്റെ കത്തിടപാടുകള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഏണസ്റ്റ് ആന്‍ഡ് യംഗ് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

സംഭവിച്ചത് ദുഃഖകരമായ കാര്യമാണെന്നും ഇത് അസ്വസ്ഥപ്പെടുത്തുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. തൊഴിലിടങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. അന്നയുടെ മരണം സംബന്ധിച്ച് മാതാവും കുടുംബാംഗങ്ങളും ഉന്നയിക്കുന്ന സംശയങ്ങള്‍ അന്വേഷിക്കപ്പെടേണ്ടതാണ്. തൊഴില്‍ വകുപ്പിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുന്നുവെന്നാണ് അദ്ദേഹം എക്സില്‍ കുറിച്ചത്.

 

Latest