National
അഴിമതി വിരുദ്ധ ഹെല്‍പ്പ് ലൈനായി സ്വന്തം വാട്‌സാപ്പ് നമ്പര്‍; വ്യത്യസ്ത പ്രഖ്യാപനവുമായി പഞ്ചാബ് മുഖ്യമന്ത്രി
ന്യൂഡല്‍ഹി | ജനങ്ങള്‍ക്ക് അഴിമതി വിരുദ്ധ ഹെല്‍പ്പ് ലൈനായി ഉപയോഗിക്കാന്‍ സ്വന്തം വാട്‌സാപ്പ് നമ്പര്‍ നല്‍കി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ രക്തസാക്ഷി ദിനമായ മാര്‍ച്ച് 23 ന് അഴിമതി വിരുദ്ധ ഹെല്‍പ്പ് ലൈന്‍ ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. ഹെല്‍പ്പ് ലൈന്‍ തന്റെ സ്വകാര്യ വാട്‌സ്ആപ്പ് നമ്പര്‍ ആയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ‘ആരെങ്കിലും നിങ്ങളോട് കൈക്കൂലി ചോദിച്ചാല്‍, അതിന്റെ വീഡിയോ/ഓഡിയോ റെക്കോഡ് ചെയ്ത് എനിക്ക് അയച്ചുതരിക. അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.’ – മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വീഡിയോ, കൈക്കൂലി ആവശ്യപ്പെടുകയോ മറ്റ് ക്രമക്കേടുകളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവരുടെ വീഡിയോ തുടങ്ങിയവ അപ്ലോഡ് ചെയ്യുന്നതിനാണ് ഹെല്‍പ്പ് ലൈന്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘99% ആളുകളും സത്യസന്ധരാണ്. ബാക്കിയുള്ള ഒരു ശതമാനം ആളുകളാണ് വ്യവസ്ഥയെ മോശമാക്കുന്നത്. ഞാന്‍ എപ്പോഴും സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എന്റെ സര്‍ക്കാറില്‍ സ്ഥാനമില്ല, അത്തരത്തിലുള്ള എന്തെങ്കിലും പരാതി എന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍, അത്തരം ഉദ്യോഗസ്ഥര്‍ ഒരു തരത്തിലുള്ള സഹതാപവും പ്രതീക്ഷിക്കരുത്.’- മുഖ്യമന്ത്രി പറഞ്ഞു. ഒരു നേതാവും ഒരു ഉദ്യോഗസ്ഥരെയും കൊള്ളയടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.