National
യുപിയില്‍ കോള്‍ഡ് സ്റ്റോറേജ് തകര്‍ന്ന സംഭവം: ഉടമകള്‍ അറസ്റ്റില്‍
മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അപകടത്തില്‍ പരിക്കേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സയും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭാല്‍| യുപിയിലെ കോള്‍ഡ് സ്റ്റോറേജിന്റെ മേല്‍ക്കൂര തകര്‍ന്ന് 14 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി ജില്ലയില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ചന്ദൗസി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഇന്ദിര റോഡില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 24 പേരെ പുറത്തെടുക്കുകയും അവരില്‍ 14 പേര്‍ മരിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
കോള്‍ഡ് സ്റ്റോറേജ് ഉടമകളായ അങ്കുര്‍ അഗര്‍വാള്‍, രോഹിത് അഗര്‍വാള്‍ എന്നിവരെ ഹല്‍ദ്വാനിയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി സംഭാല്‍ ജില്ലാ മജിസ്ട്രേറ്റ് മനീഷ് ബന്‍സാല്‍ പറഞ്ഞു. അങ്കുറിനും രോഹിതിനുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 304 എ പ്രകാരം പോലീസ് വ്യാഴാഴ്ച കേസെടുത്തിരുന്നു.
വ്യാഴാഴ്ചയുണ്ടായ തകര്‍ച്ചയുടെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു കമ്മിറ്റിയെ നിയോഗിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അപകടത്തില്‍ പരിക്കേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സയും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിവിഷണല്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ മൊറാദാബാദ് ഡിഐജി ഉള്‍പ്പെട്ട അന്വേഷണ സമിതിയോട് എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.