Connect with us

Kerala

പി ഭാസ്‌കരന്റെ ആശയം നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: സച്ചിദാനന്ദന്‍

കേരള സാഹിത്യ അക്കാദമി കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച പി ഭാസ്‌കരന്‍ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

കൊടുങ്ങല്ലൂര്‍ | പി ഭാസ്‌കരന്റെ ആശയം നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍. കേരള സംഗീത നാടക അക്കാദമിയുടെയും പി ഭാസ്‌കരന്‍ ഫൗണ്ടേഷന്റെയും സഹകരണത്തോടെ കേരള സാഹിത്യ അക്കാദമി കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച പി ഭാസ്‌കരന്‍ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേവലമായ പ്രത്യയശാസ്ത്രത്തിന്റെ ഒരുമ മാത്രമല്ല മാനവസ്‌നേഹം എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ജോലി തേടിപ്പോകുന്ന പിതാക്കന്‍മാരെ കുറിച്ചും അവരുടെ വിഹ്വലതകളെക്കുറിച്ചും അദ്ദേഹം പതിറ്റാണ്ടുകള്‍ക്കു മുമ്പേ എഴുതിയതായും സച്ചിദാനന്ദന്‍ പറഞ്ഞു.

പി ഭാസ്‌കരന്‍ എന്ന കവിയില്‍ നിന്നും ഗാനരചയിതാവിലേക്ക് വലിയ ദൂരമില്ല. അദ്ദേഹത്തിന്റെ കവിത തന്നെ സംഗീതം നിറഞ്ഞതായിരുന്നു. ദൈനംദിന ഭാഷക്കകത്ത് ശ്രുതിഭേദങ്ങളും താളങ്ങളും കണ്ടെടുക്കുകയാണ് അദ്ദേഹം തന്റെ സിനിമാ ഗാനങ്ങളിലൂടെ ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വന്തം നിലയില്‍ത്തന്നെ പി ഭാസ്‌കരന്‍ ഒരു അക്കാദമിയായിരുന്നുവെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ നിരൂപകന്‍ ഇ പി രാജഗോപാലന്‍ പറഞ്ഞു. പള്ളിപ്പെരുന്നാളിനും ഭരണിക്കും എല്ലാ മതക്കാരും ഒത്തുചേരുന്ന കൊടുങ്ങല്ലൂരിന്റെ പ്രത്യേകത അദ്ദേഹം തന്റെ കവിതകളുടെയും ഗാനങ്ങളുടെയും ആത്മാവാക്കി മാറ്റി. പാരമ്പര്യത്തിന്റെ വിലക്കുകളെ തള്ളിമാറ്റി പ്രണയത്തെ തന്റെ പാട്ടുകളിലൂടെ അദ്ദേഹം അനേകമായി അവതരിപ്പിച്ചെന്നും ഇ പി രാജഗോപാലന്‍ പറഞ്ഞു.

കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ പുഷ്പവതി പ്രഭാഷണം നടത്തി. പി ഭാസ്‌കരന്റെ ‘വൃശ്ചിക രാത്രിതന്‍ ‘, ‘മഞ്ഞണിപ്പൂനിലാവ്’, ‘കടവത്ത് തോണിയടുത്തപ്പോള്‍ ‘, ‘ഇന്നലെ മയങ്ങുമ്പോള്‍ ‘, ‘ഒരു പുഷ്പം മാത്രമെന്‍ ‘ തുടങ്ങിയ ഗാനങ്ങളുടെ ശകലങ്ങളും അവര്‍ അവതരിപ്പിച്ചു.

ഉച്ചതിരിഞ്ഞ് കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ.പി എസ് ശ്രീകലയുടെ അധ്യക്ഷതയില്‍ സെമിനാറുകള്‍ നടന്നു. ‘പി ഭാസ്‌കരന്റെ കാലം’ എന്ന വിഷയത്തില്‍ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പ്രഭാഷണം നടത്തി.

‘പി ഭാസ്‌കരന്‍ എന്ന കവി’ എന്ന വിഷയത്തില്‍ പി എന്‍ ഗോപീകൃഷ്ണന്‍ പ്രഭാഷണം നടത്തി.കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രൊഫ. സി പി അബൂബക്കര്‍, പി ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സി സി വിപിന്‍ ചന്ദ്രന്‍, സെകട്ടറി സി എസ് തിലകന്‍, വൈസ് ചെയര്‍മാന്‍ ബക്കര്‍ മേത്തല, പ്രൊഫ.കെ അജിത തുടങ്ങിയവര്‍ സംബന്ധിച്ചു. പി ഭാസ്‌കരന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ‘മഞ്ഞണിപ്പൂനിലാവ്’ ഗാനസന്ധ്യയും അരങ്ങേറി.

Latest