Connect with us

Kerala

പി സി ജോര്‍ജ് ജയിലിലേക്ക്‌; 14 ദിവസം റിമാന്‍ഡ്

മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയ ജോര്‍ജ് പോലീസില്‍ ഹാജരാവാതെ ഇന്ന് കോടതിയില്‍ നേരിട്ട് കീഴടങ്ങുകയായിരുന്നു

Published

|

Last Updated

കൊച്ചി | വര്‍ഗീയ വിദ്വേഷ പരാമര്‍ശത്തില്‍ ബി ജെ പി നേതാവും പൂഞ്ഞാര്‍ മുന്‍ എം എല്‍ എയുമായ പി സി ജോര്‍ജിനെ ഈരാറ്റുപേട്ട കോടതി റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസം റിമാന്‍ഡ് ചെയ്തു.

നേരത്തെ വൈകിട്ട് ആറ് മണി വരെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെ പി സി ജോര്‍ജ് നല്‍കിയ ജാമ്യാപേക്ഷ തള്ളിയ ശേഷമാണ് 14 ദിവസം റിമാന്റ് ചെയ്തുകൊണ്ടുള്ള ഉത്തരവുണ്ടായത്.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയ ജോര്‍ജ് പോലീസില്‍ ഹാജരാവാതെ ഇന്ന് കോടതിയില്‍ നേരിട്ട് കീഴടങ്ങുകയായിരുന്നു. ജോര്‍ജിനെ തേടി പോലീസ് പലതവണ വീട്ടിലെത്തിയിരുന്നു.വീടിന് മുന്നില്‍ അറസ്റ്റ് ചെയ്യാന്‍ കാത്ത് നിന്ന പോലീസിന്റെ കണ്ണുവെട്ടിച്ചാണ് ജോര്‍ജ് കോടതിയില്‍ കീഴടങ്ങാന്‍ എത്തിയത്. പോലീസിനോട് കോടതിയുടെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മത വികാരം വ്രണപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്ന് ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. പി സി ജോര്‍ജ് മുമ്പും ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടെന്നും കസ്റ്റഡി അനിവാര്യമെന്നും പ്രൊസിക്യൂഷന്‍ വാദിച്ചിരുന്നു.

വൈദ്യപരിശോധനക്ക് ശേഷം ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യും. ആറ് മണിക്ക് ശേഷം മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ ശേഷം ബാക്കി നടപടികള്‍ സ്വീകരിക്കും. പോലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ അപാകത തിരുത്തി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

 

Latest