CPM Payyannur fund controversy
വി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള പി ജയരാജന്റെ ശ്രമം പരാജയം
പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്താനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് കുഞ്ഞികൃഷ്ണന്‍
കണ്ണൂര്‍ | പയ്യന്നൂര്‍ പാര്‍ട്ടി ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതില്‍ ഇടഞ്ഞുനില്‍ക്കുന്ന വി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള പി ജയരാജന്റെ ശ്രമം പരാജയം. പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരം കുഞ്ഞികൃഷ്ണനുമായുള്ള ജയരാജന്റെ കൂടിക്കാഴ്ച പത്ത് മിനുട്ട് മാത്രമാണ് നീണ്ടുനിന്നത്. പയ്യന്നൂര്‍ ഖാദിസെന്ററില്‍ ജയരാജനെകണ്ട ശേഷം പുറത്തിറങ്ങിയ കുഞ്ഞികൃഷ്ണനോട് മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞെങ്കിലും അദ്ദേഹം കാര്യമായി ഒന്നും പ്രതികരിച്ചില്ല.
പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കുഞ്ഞികൃഷ്ണനോട് പി ജയരാജന്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന മറുപടിയാണ് കുഞ്ഞികൃഷ്ണന്‍ നല്‍കിയത്.
കുഞ്ഞികൃഷ്ണനെതിരായ പാര്‍ട്ടി നടപടിയില്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. 21 അംഗ ഏരിയ കമ്മിറ്റി യോഗത്തില്‍ 16 പേരും നടപടിയെ എതിര്‍ത്തിരുന്നു. ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള 12 ലോക്കല്‍ കമ്മിറ്റികളിലും നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് നടപടിയുണ്ടായത്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തീരുമാനമാണെന്നായിരുന്നു എം വി ജയരാജന്റെ വിശദീകരണം. കുഞ്ഞികൃഷ്ണനെ മാറ്റിയ നടപടിയെടുത്തത് അദ്ദേഹത്തിന്റെ സാന്നിധ്യത്തിലെന്നും നേതൃത്വം പറഞ്ഞു.