Kannur
തന്റെ പേരിൽ ഉയർത്തിയ ഫ്ളക്സ് നീക്കാൻ ആവശ്യപ്പെട്ടെന്ന് പി ജയരാജൻ
പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന് വരുത്തിത്തീർക്കാനാണ് വലതുപക്ഷം ശ്രമിക്കുന്നതെന്നും പ്രവർത്തകർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം
കണ്ണൂർ | കപ്പക്കടവിൽ തന്റെ പേരിൽ ഉയർത്തിയ ഫ്ളക്സ് ബോർഡ് നീക്കം ചെയ്യാൻ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടതായി പി ജയരാജൻ. പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന് വരുത്തിത്തീർക്കാനാണ് വലതുപക്ഷം ശ്രമിക്കുന്നതെന്നും പ്രവർത്തകർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കണ്ണൂർ കപ്പക്കടവിൽ എന്റെ ഫോട്ടൊയുള്ള ഒരു ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമ വാർത്ത. പാർട്ടിയിൽ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷ ശ്രമം. അതിന് വേണ്ടി പല തന്ത്രങ്ങളും അവർ ഉപയോഗിക്കും. സ്വയം പോസ്റ്റർ ഒട്ടിച്ച് വാർത്തയാക്കുന്ന മാധ്യമപ്രവർത്തകർ ഉള്ള നാടാണിത്. അതുകൊണ്ട്തന്നെ പാർട്ടി പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണം.ആര് വെച്ചതായാലും ഈ ഫ്‌ളക്‌സ് ബോർഡ് ഉടൻ നീക്കം ചെയ്യാൻ പ്രദേശത്തെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട് – പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.
ഇ.പി ജയരാജനെതിരെ പി.ജയരാജന്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇന്നലെ വൈകീട്ടാണ് അഴീക്കോട് കാപ്പിലെ പീടികയില്‍ പി.ജയരാജന് അനുകൂലിച്ച് ഒരു ഫ്ലക്സബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ”ഒരു കമ്മ്യൂണിസ്റ്റിന്‍റെ കയ്യില്‍ രണ്ട് തോക്കുകളുണ്ടാവണം. ഒന്ന് വര്‍ഗശത്രുവിന് നേരെയും മറ്റൊന്ന് സ്വന്തം നേതൃത്വത്തിന് നേരെയും” എന്നാണ് ഫ്ലക്സ് ബോര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നത്. ഒപ്പം പി ജയരാജന്റെ ചിത്രവും നൽകിയിരുന്നു.