Connect with us

Kerala

തലശ്ശേരിക്ക് ഒരു പ്രത്യേക ചരിത്രമുണ്ടെന്ന് ബിജെപിക്കാര്‍ ഓര്‍ക്കണമെന്ന് പി ജയരാജന്‍; വര്‍ഗീയ മുദ്രാവാക്യത്തിനെതിരെ സിപിഎം

ജീവന്‍ നല്‍കിയും വര്‍ഗീയതയെ പ്രതിരോധിക്കാന്‍ അറിയാമെന്ന് തെളിയിച്ച നാടാണ് തലശ്ശേരിയെന്നും ഷംസീര്‍ എംഎല്‍എ

Published

|

Last Updated

കണ്ണൂര്‍ |  കെടി ജയകൃഷണന്‍ ബലിദാന ദിനാചരണത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഘപരിവാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാക്കള്‍. തലശ്ശേരിക്ക് ഒരു പ്രത്യേക ചരിത്രമുണ്ടെന്ന് ബിജെപിക്കാര്‍ ഓര്‍ക്കണമെന്ന് പി ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. 1971ല്‍ തലശ്ശേരി വര്‍ഗീയ കലാപത്തിന്റെ മറവില്‍ മുസ്ലിം പള്ളികള്‍ വ്യാപകമായി തകര്‍ക്കാനുള്ള ആര്‍എസ്എസ് പദ്ധതിക്ക് തടയിടാന്‍ സിപിഎം മുന്നോട്ടുവന്നു. എല്‍ഡിഎഫ് സര്‍ക്കാരും സിപിഎമ്മും കേരളത്തില്‍ ഉള്ളിടത്തോളം കാലം ഇത്തരം വര്‍ഗീയ അജണ്ട നടപ്പിലാവില്ലെന്ന് ബിജെപിക്കാര്‍ ഓര്‍ക്കണം.പള്ളികള്‍ രാഷ്ട്രീയ പ്രചാരവേലയ്ക്ക് ദുരുപയോഗം ചെയ്യാനുള്ള ലീഗ് ശ്രമമാണ് ഹിന്ദുത്വ തീവ്രവാദികള്‍ക്ക് അവസരമുണ്ടാക്കി കൊടുത്തതെന്നും കുറിപ്പില്‍ പറയുന്നു.

ആര്‍എസ്എസിനെതിരെ കടുത്ത വിമര്‍ശവുമായി തലശ്ശേരി എംഎല്‍എ ഷംസീറും രംഗത്തെത്തി. ഇത് ഗുജറാത്തല്ല തലശേരിയാണെന്ന് ഓര്‍മ്മിക്കണമെന്ന് ഷംസീര്‍ പറഞ്ഞു. ആയുധങ്ങളുമായി നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ വന്നവരെ ജീവന്‍ കൊടുത്തും പ്രതിരോധിക്കാന്‍ സന്നദ്ധമായ നാടാണിത്. മതനിരപേക്ഷതയുടെ ഈറ്റില്ലമായ ഈ മണ്ണില്‍ വര്‍ഗീയതയുടെ വിത്തുപാകി ജനങ്ങളെ തമ്മിലടിപ്പിച്ചു ചോര കുടിക്കാം എന്നാണ് ലക്ഷ്യമെങ്കില്‍ അതിനെയെല്ലാം പ്രതിരോധിക്കാന്‍ ഈ നാട് സന്നദ്ധമാണ്.ജീവന്‍ നല്‍കിയും വര്‍ഗീയതയെ പ്രതിരോധിക്കാന്‍ അറിയാമെന്ന് തെളിയിച്ച നാടാണ് തലശേരിയെന്നും എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

മതസ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയിലായിരുന്നു തലശ്ശേരിയില്‍ നടന്ന പരിപാടിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളി.മുദ്രാവാക്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്നലെ തലശേരിയില്‍ നടന്ന പ്രകടനത്തിലായിരുന്നു പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്.നിസ്‌കരിക്കാന്‍ പള്ളികളുണ്ടാകില്ല, ബാങ്കുവിളിയും കേള്‍ക്കില്ല തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ മുഴക്കിയത്.

Latest