Connect with us

Kerala

പാലക്കാട് സീറ്റില്‍ ഇടഞ്ഞ് പി സരിന്‍ ; സീറ്റ് വാഗ്ദാനം ചെയ്ത് സിപിഎം

സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിന്റെ പേരില്‍ ഉടക്കിയ പി സരിന്‍ ഇന്ന് രാവിലെ 11.45ന് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുകയാണ്

Published

|

Last Updated

പാലക്കാട് |  ഉപതിരഞ്ഞെടുപ്പില്‍ വേഗത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയ കോണ്‍ഗ്രസിന് പാലക്കാട്ടെ സ്ഥാനാര്‍ഥിത്വത്തില്‍ പാളുന്നു. ഇവിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെയാണ് ഭിന്നതകള്‍ പുറത്തു വരുന്നത്. സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിന്റെ പേരില്‍ ഉടക്കിയ പി സരിന്‍ ഇന്ന് രാവിലെ 11.45ന് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുകയാണ്.കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനറാണ് സരിന്‍.കഴിഞ്ഞ തവണ ഒറ്റപ്പാലം സീറ്റില്‍ പി സരിന്‍ പരാജയപ്പെട്ടിരുന്നു.

 

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം സരിന്റെ പേരും സ്ഥാനാര്‍ഥിയായി സജീവമായി പരിഗണിച്ചിരുന്നു. ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായ സരിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരനു താല്‍പര്യം.എന്നാല്‍ ഷാഫി പറമ്പിലിന്റെയും വി ഡി സതീശന്റെയും ഇടപെടലിലൂടെ രാഹുലിനു നറുക്ക് വീഴുകയായിരുന്നു.

ജില്ലക്ക് പുറത്തുള്ള ഒരാളെ സ്ഥാനാര്‍ഥിയാക്കിയതിലാണ് ഇപ്പോള്‍ എതിര്‍പ്പുയരുന്നത്്.കോണ്‍ഗ്രസുമായി ഇടഞ്ഞ സരിന് സിപിഎം പാലക്കാട് സീറ്റ് വാഗ്ദാനം ചെയ്തു. ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കം. അതേ സമയം സരിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയിട്ടുണ്ട്.

അതേസമയം, പി സരിന്‍ കോണ്‍ഗ്രസ് വിടുമെന്ന് വിശ്വസിക്കുന്നില്ലെന്ന് വി കെ ശ്രീകണ്ഠന്‍ എം പി പറഞ്ഞു. വിജയിക്കാന്‍ സാധ്യതയുള്ള സീറ്റിന് ആഗ്രഹം പലര്‍ക്കും ഉണ്ടാകും. പക്ഷെ പാര്‍ട്ടിയാണ് തീരുമാനം എടുക്കുന്നത്. പുറമെ നിന്ന് ആളുകള്‍ വരുന്നതില്‍ തെറ്റില്ല. റിബല്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. അതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നും വി കെ ശ്രീകണ്ഠന്‍ മാധ്യമങ്ങളോട് പറഞ്ഞു

Latest