palakkad bypoll
പി സരിന്‍ ഇടതു സ്വതന്ത്രനാവും; പ്രഖ്യാപനം ഇന്ന്
സി പി എമ്മിനോട് സമ്മതം മൂളി സരിന്‍
പാലക്കാട് | കോണ്‍ഗ്രസ് നേതൃത്വത്തിന് കനത്ത ആഘാതമേല്‍പ്പിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ഥിയാവാന്‍ സമ്മതം മൂളി കെ പി സി സി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി സരിന്‍.
സി പി എം പിന്‍തുണയുള്ള സ്ഥാനാര്‍ഥിയാവുന്ന വിവരം സരിന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കും. സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്താന്‍ രംഗത്തിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോരാട്ടം ഇതോടെ കടുത്ത പ്രതിസന്ധിയിലായി.
രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായതോടെയാണ് സരിന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ സരിനെ തള്ളിപ്പറഞ്ഞതോടെ സി പി എം സരിന്റെ തുടര്‍ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. സിവില്‍ സര്‍വീസ് രാജിവച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഡോക്ടര്‍ സരിന്‍ പാലക്കാട്ടെ മധ്യവര്‍ഗ വോട്ടര്‍മാരില്‍ മികച്ച സ്വീകാര്യത നേടുമെന്നാണ് സി പി എം വിലയിരുത്തുന്നത്. കഴിഞ്ഞ തവണ മെട്രോമാന്‍ ശ്രീധരനെ പിന്തുണച്ച വോട്ടര്‍മാര്‍ സരിനു പിന്‍തുണ നല്‍കുമെന്നാണ് വിലയിരുത്തല്‍.
ഉന്നത യോഗ്യതയുള്ള ഒരാളെ ഇടതുപക്ഷത്തേക്കു ലഭിക്കുന്നതിനെ സി പി എം വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനപ്പുറം പാര്‍ട്ടിയലേക്ക് വാതില്‍ തുറക്കാമെന്ന വാക്കുകൂടി നല്‍കിയാണ് സരിനെ സി പി എം സ്വീകരിക്കുന്നതെന്നാണ് വിവരം. സി പി എം പിന്‍തുണയോടെ മത്സരിക്കരുത് എന്ന് ആവശ്യവുമായി നീക്കത്തിനു തടയിടാന്‍ ശ്രമിച്ച പി വി അന്‍വറിനെ സരിന്‍ തള്ളിക്കളഞ്ഞത് സി പി എം നേരത്തെ നല്‍കിയ ഉറപ്പുകളില്‍ വിശ്വാസമര്‍പ്പിച്ചാണെന്നാണ് വിവരം.