Connect with us

Kerala

പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം; പി വി അന്‍വറിന് വക്കീല്‍ നോട്ടീസയച്ച് പി ശശി

പ്രസ്താവന പിന്‍വലിച്ച് അന്‍വര്‍ ഖേദം പ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു

Published

|

Last Updated

തിരുവനന്തപുരം|  പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് സംബന്ധിച്ച് പി വിഅന്‍വര്‍ നടത്തിയ പ്രസ്താവനക്കെതിരെ നിയമനടപടിയുടമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പറഞ്ഞിട്ടാണെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ എംഎല്‍എ പിവി അന്‍വറിന്റെ പരാമര്‍ശം. ഇതിനെതിരെയാണ് പി ശശി പി വി അന്‍വറിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പ്രസ്താവന പിന്‍വലിച്ച് അന്‍വര്‍ ഖേദം പ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

നേരത്തെ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണത്തിനെതിരെയും ശശി വക്കീല്‍നോട്ടീസയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് കോടതികളില്‍ നടക്കുന്നതിനിടെയാണ് വീണ്ടും വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്. അന്‍വറിനെതിരെ അയക്കുന്ന നാലാമത്തെ വക്കീല്‍ നോട്ടീസ് ആണിത്.പി ശശി എഴുതിക്കൊടുത്ത പ്രകാരമാണ് നിയമസഭയില്‍ വിഡി സതീശനെതിരേ ആരോപണം ഉന്നയിച്ചതെന്നും ഇതില്‍ അദ്ദേഹത്തോട് മാപ്പ് പറയുന്നുവെന്നും എംഎല്‍എ സ്ഥാനം രാജിവെച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞു. ഇതിനെതിരേയാണ് ശശി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

അന്‍വറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമെന്ന് പി ശശി ഇന്നലെ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നു.
പുതിയ താവളം കണ്ടെത്താനുള്ള നീക്കമാണ് അന്‍വര്‍ നടത്തുന്നതെന്നും അതിന്റെ ഭാഗമാണ് വിഡി സതീശനോട് മാപ്പ് ചോദിക്കുന്നുവെന്ന് ആവര്‍ത്തിച്ച് പറയുന്നതെന്നും പി ശശി പറഞ്ഞു. കഴിഞ്ഞ കാലത്തെ പ്രവര്‍ത്തികള്‍ മറ്റൊരാളുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാന്‍ പിവി അന്‍വര്‍ ശ്രമിക്കുകയാണെന്നും പി ശശി ആരോപിച്ചിരുന്നു.

അതേസമയം പി.വി.അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ മറുപടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. യുഡിഎഫില്‍ കയറാന്‍ മാപ്പപേക്ഷയുമായി നില്‍ക്കുകയാണ് അന്‍വര്‍. പി. ശശിയെ ശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ് അന്‍വറെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു

 

Latest