Connect with us

Kerala

പി ശശിയെ നിയമിച്ചത് നിയമ പരമായി പ്രവര്‍ത്തിക്കാന്‍; അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി

പരാതിയുണ്ടെങ്കില്‍ പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎല്‍ എ എന്ന നിലയില്‍ പി വി അന്‍വര്‍ ചെയ്യേണ്ടിയിരുന്നത്

Published

|

Last Updated

തിരുവനന്തപുരം | പി ശശി സി പി എം സംസ്ഥാന കമ്മിറ്റി അംഗമാണെന്നും നിയമപരമായ കാര്യങ്ങള്‍ ചെയ്യാനാണ് അദ്ദേഹത്തെ തന്റെ ഓഫീസില്‍ നിയമിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തുന്നത്. ഒരു തെറ്റും ശശി ചെയ്തിട്ടില്ല. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളിക്കളയുകയാണ് മുഖ്യമന്ത്രി.

പരാതിയുണ്ടെങ്കില്‍ പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎല്‍ എ എന്ന നിലയില്‍ പി വി അന്‍വര്‍ ചെയ്യേണ്ടിയിരുന്നത്. ആദ്യ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെ തന്നെ അന്‍വറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചെങ്കിലും മറുപടി നല്‍കിയില്ല. ഫോണില്‍ ബന്ധപ്പെടാനും തയ്യാറായില്ല. മറ്റുവഴിയിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തയ്യാറായില്ല. രണ്ടാം ദിവസവും മൂന്നാം ദിവസവും ബന്ധപ്പെടാന്‍ ശ്രമിച്ചു. മൂന്നാം ദിവസവും അദ്ദേഹം മാധ്യമങ്ങളെയാണ് കണ്ടത്. അതിന് ശേഷമാണ് എന്നെ വന്ന് കണ്ടത്. 5 മിനിറ്റ് സംസാരിച്ചു. അത്രയേ ഉണ്ടായിട്ടുളളു. ഫോണ്‍ ചോര്‍ത്തിയത് പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ചെയ്യാന്‍ പാടില്ലാത്തതായിരുന്നു. അന്‍വറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. കോണ്‍ഗ്രസില്‍ നിന്ന് വന്നയാളാണ്.

അന്‍വര്‍ പരാതിയില്‍ ഉന്നയിച്ച വിഷയങ്ങളില്‍ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണം നടക്കുകയാണ്. അന്വേഷണ ഭാഗമായി ഉചിതമായ നടപടി സ്വീകരിക്കും. ഒരു മുന്‍വിധിയോടെയും ഒന്നിനേയും സമീപിക്കുന്നില്ല. ആരോപണ വിധേയര്‍ ആരെന്നതല്ല. ആരോപണം എന്തെന്നും അതിനുള്ള തെളിവുകളുമാണ് പ്രധാനം. നേരത്തെ എസ് പിയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പോലീസുദ്യോഗസ്ഥന്‍ സംസാരിക്കാന്‍ പാടില്ലാത്ത രീതിയില്‍ സംസാരിച്ചത് പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നിയമവിരുദ്ധ കാര്യങ്ങള്‍ തടയുന്നത് ഉറപ്പാക്കും. പോലീസിന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിക്കാന്‍ പാടില്ല. അതുണ്ടായാല്‍ നടപടി സ്വീകരിക്കും. എന്നാല്‍, പോലീസ് സേനയുടെ മനോവീര്യം തകര്‍ക്കുന്ന നിലപാടുകളും അംഗീകരിക്കാനാകില്ല. കരിപ്പൂര്‍ വഴി വന്‍ സ്വര്‍ണ്ണക്കടത്ത് നടക്കുന്നു. ഇത് പിടികൂടുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം ആണ്. ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. 2022 ല്‍ 98 കേസുകളില്‍ 79.9 കിലോ സ്വര്‍ണ്ണം, 2023 ല്‍ 61 കേസില്‍ 48.7 കിലോ സ്വര്‍ണ്ണവും 26 കേസില്‍ 18.1 കിലോ സ്വര്‍ണ്ണം ഈ വര്‍ഷവും പിടികൂടി. വസ്ത്രത്തില്‍ പുരട്ടി കൊണ്ടുവരുന്ന സ്വര്‍ണം വസ്ത്രത്തോടൊപ്പം തൂക്കുമ്പോഴും വസ്ത്രം വേര്‍തിരിച്ചു തൂക്കുമ്പോഴും വ്യത്യാസം ഉണ്ടാവുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

---- facebook comment plugin here -----

Latest