Kerala
എം ആര്‍ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പി വിജയന്‍ രംഗത്ത്; ഐ പി എസ് തലത്തില്‍ പുതിയ പോര്
തനിക്ക് സസ്‌പെന്‍ഷന്‍ ലഭിക്കാന്‍ കാരണം എം ആര്‍ അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടാണെന്ന് ആരോപിച്ചാണ് പി വിജയന്‍ രംഗത്തുവന്നത്
തിരുവനന്തപുരം | എ ഡി ജി പി എം ആര്‍ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് എ ഡി ജി പി പി വിജയന്‍ രംഗത്ത്. ഇതോടെ ഐ പി എസ് തലത്തില്‍ പുതിയ പോര് രൂപപ്പെട്ടു. ഐ ജിയായിരുന്ന പി വിജയന് സസ്‌പെന്‍ഷന്‍ ലഭിക്കാന്‍ കാരണം ക്രമസമാധാന ചുമതലയുണ്ടായിരുന്നപ്പോള്‍ എം ആര്‍ അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടാണെന്ന് ആരോപിച്ചാണ് പി വിജയന്‍ രംഗത്തുവന്നത്.
കോഴിക്കോട് ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെ മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന യാത്രാ വിവരങ്ങള്‍ ഒരു മാധ്യമത്തിനു ചോര്‍ത്തി നല്‍കിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പി വിജയന്‍ നടപടി നേരിട്ടത്. എം ആര്‍ അജിത്കുമാറിന്റെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് പി വിജയനെ സര്‍വീസില്‍ തിരിച്ചെടുത്തത്.
പിന്നീട് അദ്ദേഹത്തിന് ഇന്റലിജന്‍സ് എ ഡി ജി പിയായി പ്രമോഷന്‍ നല്‍കി. ഇതിന് ശേഷമാണ് എം ആര്‍ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പി വിജയന്‍ രംഗത്തെത്തിയത്.