National
നാല് മലയാളികൾക്ക് പത്മശ്രീ പുരസ്കാരം
കോഴിക്കോട് സ്വദേശിക്ക് പരംവിശിഷ്ട സേവാ മെഡൽ
ന്യൂഡൽഹി | നാല് മലയാളികൾക്ക് പത്മശ്രീ ലഭിച്ചു. ഗാന്ധിയൻ വി പി അപ്പുക്കുട്ടൻ പൊതുവാൾ, ചരിത്രകാരൻ സി ഐ ഐസക്, കളരിയാശാൻ എസ് ആർ ഡി പ്രസാദ്, നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ എന്നിവരാണ് സംസ്ഥാനത്ത് നിന്ന് പത്മശ്രീക്ക് അർഹരായത്.
ഒ ആർ എസ് ലായനി വികസിപ്പിച്ച ദിലീപ് മഹാലാനബിസ്, ആർക്കിടെക്ട് ബാലകൃഷ്ണ ധോഷി (മരണാനന്തരം), തബല വിദ്വാൻ സാകിർ ഹുസൈൻ, കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ, ഇന്തോ- അമേരിക്കൻ ഗണിതശാസ്ത്രജ്ഞൻ ശ്രിനിവാസ് വർധൻ, ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് (മരണാനന്തരം) എന്നിവർക്ക് പത്മവിഭൂഷൺ ലഭിച്ചു.
എസ് എൽ ഭ്യാരപ്പ, കുമാർ മംഗലം ബിർള, ദീപക് ധർ, വാണി ജയറാം, സ്വാമി ചിന്നജീർ, സുമൻ കല്യാൺപൂർ, കപിൽ കപൂർ, സുധാ മൂർത്തി, കമലേഷ് പട്ടേൽ എന്നിവരാണ് പത്മഭൂഷണ് അർഹരായത്.
സംഗീത സംവിധായകൻ കീരവാണി, നടി രവീണ ഠണ്ടൻ, ഡോ. രതൻ ചന്ദ്ര കൗർ, ശങ്കുരാത്രി ചന്ദ്രശേഖർ (ആന്ധ്ര), ജൈവ കൃഷിക്കാരൻ നെക്രാം ശർമ (ഹിമാചൽ), തെലങ്കാനയിൽ നിന്നുള്ള ഭാഷാ വിദഗ്ധൻ ബി രാമകൃഷ്ണ റെഡ്ഡി, കർണാടകയിലെ നാടോടി നൃത്ത കലാകാരി റാണി മച്ചൈയ തുടങ്ങിയവരും പത്മശ്രീക്ക് അർഹരായി.
കോഴിക്കോട് സ്വദേശിക്ക് പരംവിശിഷ്ട സേവാ മെഡൽ
അസം റൈഫിൾസ് തലവനും കോഴിക്കോട് സ്വദേശിയുമായ ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർക്ക് രാഷ്ട്രപതിയുടെ ഉന്നത സൈനിക ബഹുമതിയായ പരംവിശിഷ്ട സേവാ മെഡൽ ലഭിച്ചു. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയാണ്. 1985ൽ സിഖ് റജിമെൻ്റിലാണ് ഓഫീസറായി കരസേനയിൽ ചേർന്നത്. അതിവിശിഷ്ട സേവാ മെഡലും യുദ്ധ സേവാ മെഡലും നേടിയിട്ടുണ്ട്.