Kerala
കോണ്‍ഗ്രസ്സ് തരൂരിനെ അകറ്റിനിര്‍ത്തുന്നുവെന്ന് പത്മജ വേണുഗോപാല്‍
പാര്‍ട്ടി വിട്ടപ്പോള്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ശശി തരൂരും പറയുന്നതെന്ന്

കൊച്ചി | മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂരിനെ ന്യായീകരിച്ച് ബി ജെ പി നേതാവ് പത്മജ വേണുഗോപാല്‍. തരൂരിനെ അകറ്റിനിര്‍ത്തുന്ന രീതി ഞാന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിന് കോണ്‍ഗ്രസ്സില്‍ നില്‍ക്കാന്‍ പറ്റുന്നില്ലെന്നും കെ പി സി സി മീറ്റിംഗുകള്‍ക്ക് പോകുമ്പോഴെല്ലാം ഞാന്‍ അദ്ദേഹം എവിടെയെന്ന് ചോദിക്കാറുണ്ടായിരുന്നുവെന്നും പത്മജ പറഞ്ഞു.
അദ്ദേഹത്തോട് അയിത്തമുള്ളത് പോലെയാണ് കോണ്‍ഗ്രസ്സുകാര്‍ പെരുമാറുന്നത്. അപമാനിക്കും അവര്‍. ഞാന്‍ ഒരിക്കലും സ്ഥാനമാനങ്ങള്‍ മോഹിച്ചിട്ടില്ല. മനസ്സമാധാനമായി ജീവിക്കാനാണ് ഞാന്‍ കോണ്‍ഗ്രസ്സ് വിട്ടത്. പല ദിവസങ്ങളിലും ഞാന്‍ കരഞ്ഞിട്ടുണ്ട്. ആ രീതിയില്‍ എന്നെ അപമാനിച്ചു. ശശി തരൂര്‍ ഛര്‍ദ്ദിച്ചത് ഒന്നും തിരിച്ച് എടുക്കാന്‍ പറ്റില്ലല്ലൊ. തരൂര്‍ നല്ലവണ്ണം പറഞ്ഞു. അതിന് കോണ്‍ഗ്രസ്സുകാര്‍ മറുപടി പറഞ്ഞു. പിന്നീട് മുകളില്‍ നിന്ന് കണ്ണുരുട്ടിയപ്പോള്‍ എല്ലാവരും വാലും ചുരുട്ടി പിന്നോട്ട് പോയെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
പാര്‍ട്ടി വിട്ടപ്പോള്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ശശി തരൂരും ഇപ്പോള്‍ പറയുന്നത്. തീരുമാനം പറയേണ്ടത് അദ്ദേഹമാണെന്നും പത്മജ പറഞ്ഞു.