Connect with us

Ongoing News

പഹൽഗാം ആക്രമണം; മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ടു

ഭീകരര്‍ക്കായി പഹല്‍ഗാം, ബൈസരണ്‍, അനന്ത്‌നഗ് തുടങ്ങിയ പ്രദേശങ്ങളില്‍ സുരക്ഷാസേന വ്യാപക തിരച്ചില്‍ നടത്തി വരികയാണ്.

Published

|

Last Updated

ശ്രീനഗര്‍ | ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് സുരക്ഷാ ഏജന്‍സികള്‍.മൂന്ന് പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.ആസിഫ് ഫൗജി,സുലൈമാന്‍ ഷാ,അബു തല്‍ഹാ എന്നിവരാണ് തിരിച്ചറിഞ്ഞ മൂന്നു ഭീകരര്‍.ആക്രമണം നടത്തിയ ആറുപേരില്‍ രണ്ടുപേര്‍ ജമ്മുകശ്മീര്‍ സ്വദേശികളാണെന്ന് വിവരമുണ്ട്.സമീപകാലത്ത്‌ രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിൽ ഒരുമലയാളിയും രണ്ടു വിദേശികളുമടക്കം 28 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്.പരുക്കേറ്റ പതിമൂന്നിലേറെ പേര്‍ ചികിത്സയില്‍ തുടരുകയാണ്.

ഭീകരര്‍ക്കായി പഹല്‍ഗാം, ബൈസരണ്‍, അനന്ത്‌നഗ് തുടങ്ങിയ പ്രദേശങ്ങളില്‍ സുരക്ഷാസേന വ്യാപക തിരച്ചില്‍ നടത്തി വരികയാണ്.ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമാകെ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും അതീവ ജാഗ്രത തുടരുകയാണ്.പാകിസ്ഥാന്‍ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) യുടെ നിഴൽ ​ഗ്രൂപ്പായ റെസിസ്റ്റന്‍സ് ഫ്രണ്ട് ഇന്നലത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

അതേസമയം ഭീകരാക്രമണം നടന്ന പഹല്‍ഗാമിലെ ബൈസരണ്‍ വാലി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശിച്ചു.അമിത് ഷാ കശ്മീരിലെത്തി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവരുമായി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.ഹീനമായ പ്രവൃത്തി ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന്  ആഭ്യന്തരമന്ത്രി പറഞ്ഞു.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ജമ്മു കാശ്മീര്‍  സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.പരുക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നല്‍കും.പ്രിയപ്പെട്ടവരുടെ നഷ്ടത്തിന് എത്ര പണം നല്‍കിയാലും പകരമാകില്ല എന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബദു്ള്ള പറഞ്ഞു.