National
പഹല്‍ഗാം പരാമർശം: ശശി തരൂര്‍ സൂപ്പര്‍ ബി ജെ പിയാകാന്‍ ശ്രമിക്കുകയാണോയെന്ന് കോണ്‍ഗ്രസ്സ് നേതാവ്
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതിനെതിരെ തരൂര്‍ രംഗത്തെത്തിയിരുന്നു

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തില്‍ കേന്ദ്രത്തെ അനുകൂലിച്ച് രംഗത്തെത്തിയ ശശി തരൂര്‍ എം പിക്കെതിരെ കോണ്‍ഗ്രസ്സ് നേതാവ് ഉദിത് രാജ്. ശശി തരൂര്‍ ബി ജെ പി വാക്താവാണോയെന്നും സൂപ്പര്‍ ബി ജെ പിയാകാന്‍ ശ്രമിക്കുകയാണോയെന്നും ഉദിത് രാജ് ചോദിച്ചു.
ഇത്തരം പ്രസ്താവനകളിലൂടെ തന്റെ സഹപ്രവര്‍ത്തകന്‍ ബി ജെ പിയുടെ അഭിഭാഷകനായി മാറിയെന്നും അദ്ദേഹം വിമര്‍ശിച്ചു. മുംബൈ ഭീകരാക്രമണമുണ്ടായപ്പോള്‍ ഗുജറാത്തില്‍ നിന്ന് മുംബൈയിലെത്തിയ നരേന്ദ്ര മോദി പറഞ്ഞത് കേന്ദ്ര സര്‍ക്കാറിന്റെ വീഴ്ചയാണ് അതെന്നാണ്. പ്രശ്‌നം അതിര്‍ത്തിയുടെതല്ല, കേന്ദ്ര സര്‍ക്കാറിന്റെതാണെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഇന്റലിജന്‍സ്, ബി എസ് എഫ്, സി ആര്‍ പി എഫ് എന്നിവ കേന്ദ്രത്തോടൊപ്പമുള്ളപ്പോള്‍ ഭീകരര്‍ എങ്ങനെയാണ് വന്നത്. സുരക്ഷാവീഴ്ച സംഭവിച്ചതായി ബി ജെ പി സര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണ്. അപ്പോള്‍ പിന്നെ തരൂര്‍ എന്തിനാണ് ബി ജെ പിയുടെ അഭിഭാഷകനാകുന്നതെന്ന് രാജ് ചോദിച്ചു.
പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ നൂറ് ശതമാനം കുറ്റമറ്റ ഇന്റലിജന്‍സ് സംവിധാനം ഒരു രാജ്യത്തിനുമുണ്ടാകില്ലെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഇന്റലിജന്‍സ് സംവിധാനം ഉള്ളതായി കണക്കാക്കപ്പെടുന്ന ഇസ്‌റാഈലിന്റെ ഉദാഹരണം നമുക്കുണ്ട്. ഒക്ടോബര്‍ ഏഴിലെ ആക്രമണം അപ്രതീക്ഷിതമായിരുന്നു. യുദ്ധം അവസാനിക്കുന്നതുവരെ ഇസ്‌റാഈല്‍ കാത്തിരിക്കുന്നതുപോലെ ഇപ്പോഴത്തെ പ്രതിസന്ധിയും നമ്മള്‍ കാണണം. എന്നിട്ടാണ് സര്‍ക്കാറിനെ കുറ്റപ്പെടുത്തേണ്ടതെന്നായിരുന്നു തരൂരിന്റെ പ്രസ്താവന.
അതേസമയം, ബി ജെ പിക്ക് വേണ്ടി ആരാണ് സംസാരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ യോഗ്യത രാജിനാണെന്നാണ് ചോദ്യത്തോട് തരൂര്‍ പ്രതികരിച്ചു. ആരോപണമുന്നയിച്ച വ്യക്തി മുന്‍ ബി ജെ പി എം പി ആയിരുന്നുവെന്നും താന്‍ തനിക്ക് വേണ്ടി മാത്രമാണ് സംസാരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.