National
പഹല്‍ഗാം ഭീകരാക്രമണം; മരണം 28, മൃതദേഹങ്ങള്‍ ശ്രീനഗറിലെത്തിക്കും
ആക്രമണത്തില്‍ പരുക്കേറ്റ പത്തിലധികം പേര്‍ ചികിത്സയിലാണ്.

ശ്രീനഗര്‍ | കശ്മീര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി ഉയര്‍ന്നു. 27 പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ 13 പേര്‍ ചികിത്സയിലാണ് . ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറിലെത്തിക്കും .പോസ്റ്റ്‌മോര്‍ട്ടം ശ്രീനഗറില്‍ നടക്കും.
കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും ഉള്‍പ്പെടും. കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രനാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് സംഭവം. സൈനിക വേഷം ധരിച്ചെത്തിയ ഒരു സംഘം ഭീകരര്‍ പഹല്‍ഗാമിലെ ബൈസാരന്‍ പുല്‍മേടുകളില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൊച്ചിയില്‍ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയ നാവിക സേനാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട് . വിനയ് നര്‍വാളാണ് (26) കൊല്ലപ്പെട്ടത്. 6 ദിവസം മുന്‍പാണ് വിനയ് നര്‍വാളിന്റെ വിവാഹം നടന്നത്. ഭാര്യയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.മരിച്ച മറ്റൊരാളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കര്‍ണാടകയിലെ ശിവമോഗ സ്വദേശിയായ മഞ്ജുനാഥിനെയാണ് തിരിച്ചറിഞ്ഞത്.ആക്രമണ സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളില്‍ മൃതദേഹം ചിതറിക്കിടക്കുന്നത് കാണാം. നാട്ടുകാര്‍ സഹായത്തിനെത്തിയപ്പോള്‍ പരിഭ്രാന്തരായി കരയുന്ന സ്ത്രീകളും ഉണ്ടായിരുന്നു. അടുത്ത ദൂരത്തുനിന്ന് അജ്ഞാതരായ തോക്കുധാരികള്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തതാണ് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമെന്ന് ദൃക്‌സാക്ഷി പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പഹല്‍ഗാം ഹില്‍ സ്റ്റേഷനില്‍ നിന്ന് ഏകദേശം 5 കിലോമീറ്റര്‍ അകലെയാണ് ബൈസാരന്‍ പുല്‍മേട് സ്ഥിതി ചെയ്യുന്നത്. ഇവിടെ കാല്‍നടയായോ കുതിരപ്പുറത്തോ മാത്രമേ എത്തിച്ചേരാന്‍ സാധിക്കൂ. ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേന പ്രദേശം വളഞ്ഞു. പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.ഭീകരാക്രമണത്തെ തുടര്‍ന്ന് അമിത് ഷാ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. ആഭ്യന്തര സെക്രട്ടറി, ഇന്റലിജന്‍സ് ബ്യൂറോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ജമ്മു കശ്മീരിലെ പോലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുത്തു. ചൊവ്വാഴ്ച രാത്രി 7 മണിയോടെ അമിത് ഷാ പഹല്‍ഗാമിലേക്ക് തിരിക്കും.പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ അത്യധികം ദുഃഖിതനാണെന്ന് അമിത് ഷാ എക്‌സില്‍ കുറിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഈ ഹീനമായ ഭീകരകൃത്യത്തില്‍ പങ്കാളികളായവരെ വെറുതെ വിടില്ല, കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. പ്രധാനമന്ത്രി മോദിയെ സംഭവത്തെക്കുറിച്ച് ധരിപ്പിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അടിയന്തര സുരക്ഷാ അവലോകന യോഗത്തിനായി ഉടന്‍ ശ്രീനഗറിലേക്ക് പോകുമെന്നും അമിത്ഷാ അറിയിച്ചു.ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള ആക്രമണത്തെ അപലപിച്ചു. സംഭവം വിശ്വസിക്കാന്‍ പോലും കഴിയുന്നില്ല. നമ്മുടെ അതിഥികള്‍ക്ക് നേരെയുണ്ടായ ഈ ആക്രമണം വെറുപ്പുളവാക്കുന്നതാണ്. ഈ ആക്രമണം നടത്തിയവര്‍ മൃഗങ്ങളാണ്, മനുഷ്യരല്ല, വെറുക്കപ്പെടേണ്ടവരാണ്. ഇതിനെ അപലപിക്കാന്‍ വാക്കുകളില്ല. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് എന്റെ അനുശോചനം. പരിക്കേറ്റവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ എന്റെ സഹപ്രവര്‍ത്തക സക്കീന ഇട്ടുവുമായി സംസാരിക്കുകയും അവര്‍ ആശുപത്രിയിലേക്ക് പോവുകയും ചെയ്തിട്ടുണ്ട്. ഞാന്‍ ഉടന്‍ ശ്രീനഗറിലേക്ക് മടങ്ങും – ഉമര്‍ അബ്ദുല്ല എക്‌സില്‍ കുറിച്ചു.വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള റംബാനില്‍ നിന്ന് ശ്രീനഗറിലേക്ക് മടങ്ങി.വനങ്ങളും തെളിനീരുറവകളും വിശാലമായ പുല്‍മേടുകളും കൊണ്ട് മനോഹരമായ പഹല്‍ഗാം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. താഴ്വരയിലെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് സീസണാണ് ഇത്.അടുത്തിടെ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു ഡിവിഷനില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് തീവ്രവാദം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. നുഴഞ്ഞുകയറ്റം ഒരു തരത്തിലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.