Connect with us

Kerala

പഹല്‍ഗാം ഭീകരാക്രമണം: മൗനാചരണത്തോടെ സർവകക്ഷി യോഗം തുടങ്ങി

പാര്‍ലിമെൻ്ററി പാര്‍ട്ടി പ്രതിനിധികൾ മാത്രമാണ് ക്ഷണിതാക്കൾ

Published

|

Last Updated

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പാര്‍ലിമെൻ്റിൽ  തുടരുന്നു. രണ്ട് മിനുട്ട് മൗനം ആചരിച്ച ശേഷമാണ് സര്‍വകക്ഷിയോഗം ആരംഭിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജാനാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ആരോഗ്യമന്ത്രി ജെ പി നദ്ദ, പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജ്ജു, കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ആക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്രം എല്ലാ പാര്‍ട്ടിളിലെയും നേതാക്കളെ യോഗത്തില്‍ അറിയിക്കും. സമാജ് വാദി പാര്‍ട്ടിയെ പ്രതിനിധീകരിച്ച് യോഗത്തില്‍ രാജ്യസഭാംഗമായ രാം ഗോപാല്‍ യാദവാണ് പങ്കെടുക്കുന്നത്. പാര്‍ലിമെൻ്ററി പാര്‍ട്ടികളുടെ പ്രതിനിധികളെ മാത്രമാണ് സര്‍വകക്ഷിയോഗത്തില്‍ വിളിച്ചുചേര്‍ത്തിട്ടുള്ളത്. ചെറിയ പാര്‍ട്ടികളെ യോഗത്തില്‍ നിന്ന് അകറ്റിയെന്ന് കേന്ദ്രത്തിനെതിരെ വിമര്‍ശനമുയരുന്നുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ശേഷം പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും വിനോദസഞ്ചാരികളായിരുന്നു.

 

Latest