National
പഹല്‍ഗാം ഭീകരാക്രമണം: കശ്മീരില്‍ രണ്ട് ഭീകരരുടെ വീടുകള്‍ കൂടി അധികൃതര്‍ തകര്‍ത്തു
പുല്‍വാമ സ്വദേശികളായ അഹ്‌സാനുല്‍ ഹഖ്, ഹാരിസ് അഹ്മദ് എന്നിവരുടെ വീടുകളാണ് തകര്‍ത്തത്.

ശ്രീനഗര്‍|പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ രണ്ട് ഭീകരരുടെ വീടുകള്‍ കൂടി അധികൃതര്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. പുല്‍വാമ സ്വദേശികളായ അഹ്‌സാനുല്‍ ഹഖ്, ഹാരിസ് അഹ്മദ് എന്നിവരുടെ വീടുകളാണ് അധികൃതര്‍ തകര്‍ത്തത്. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ പ്രദേശവാസികളായ രണ്ട് ഭീകരരുടെ വീടുകള്‍ ഇന്നലെ ജില്ലാ ഭരണകൂടം തകര്‍ത്തിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. വീട്ടിലുള്ളവര്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് അവിടെ നിന്ന് മാറിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ത്രാല്‍ സ്വദേശിയായ ആസിഫ് ഹുസൈന്‍, ബിജ് ബഹേര സ്വദേശി ആദില്‍ തോക്കര്‍ എന്നീ ഭീകരരുടെ വീടുകളാണ് തകര്‍ത്തത്.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അടക്കമുള്ള ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജീവനക്കാരുടെ അവധി അടക്കം നിയന്ത്രിക്കണം എന്നാണ് നിര്‍ദ്ദേശം. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായി നില്‍ക്കണം എന്നും അറിയിപ്പില്‍ പറയുന്നു.