Connect with us

National

പഹൽഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് ഇന്ത്യ

പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി റദ്ദാക്കി; പാകിസ്ഥാൻ പൗരന്മാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം

Published

|

Last Updated

ന്യൂഡൽഹി | ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് എതിരെ കടുത്ത നടപടിയുമായി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാൻ രാജ്യത്തിന്റെ പരമോന്നത സുരക്ഷാ തീരുമാനങ്ങൾ എടുക്കുന്ന സമിതിയായ സുരക്ഷാ കാബിനറ്റ് സമിതി (CCS) തീരുമാനിച്ചു. സിന്ധു നദീജല കരാർ താൽക്കാലികമായി റദ്ദാക്കിയതായും അട്ടാരി അതിർത്തി അടച്ചതായും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. ഭീകരാക്രമണം സംബന്ധിച്ച അന്വേഷണത്തിൽ അതിർത്തി കടന്നുള്ള ബന്ധങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.

1960-ലെ സിന്ധു നദീജല കരാർ ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിൽ താൽക്കാലികമായി നിർത്തിവയ്ക്കും. പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരവാദത്തിന് നൽകുന്ന പിന്തുണ അവസാനിപ്പിക്കുന്നത് വരെ ഈ നടപടി തുടരും. അട്ടാരിയിലെ സംയോജിത ചെക്ക്പോസ്റ്റ് അടിയന്തരമായി അടച്ചിടും. സാധുവായ യാത്രാ രേഖകളുള്ളവർക്ക് 2025 മെയ് 1-ന് മുമ്പായി ഈ വഴിയിലൂടെ തിരികെ വരാം.

സാർക്ക് വിസ ഇളവ് പദ്ധതി പ്രകാരം പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ടായിരിക്കില്ലെന്നും വിക്രം മിശ്ര അറിയിച്ചു. ഇതിനോടകം നൽകിയിട്ടുള്ള എസ് പി ഇ എസ് വിസകൾ റദ്ദാക്കിയതായി കണക്കാക്കും. നിലവിൽ എസ് പി ഇ എസ് വിസയിൽ ഇന്ത്യയിലുള്ള പാകിസ്ഥാൻ പൗരന്മാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നും നിർദേശം നൽകി.

ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധം, സൈനികം, നാവികം, വ്യോമയാനം എന്നീ ഉപദേഷ്ടാക്കളെ “പേഴ്സണ നോൺ ഗ്രേറ്റ” ആയി പ്രഖ്യാപിച്ചു. അവർ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യ വിട്ടുപോകണം. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ പ്രതിരോധം, നാവികം, വ്യോമയാനം എന്നീ ഉപദേഷ്ടാക്കളെ ഇന്ത്യ പിൻവലിക്കും. ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട ഹൈക്കമ്മീഷനുകളിലെ ഈ തസ്തികകൾ റദ്ദാക്കിയതായി കണക്കാക്കുമെന്ന് മിശ്ര അറിയിച്ചു.

ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ ഒരു വിദേശ പൗരൻ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് പാകിസ്ഥാനിൽ നിന്ന് സഹായം ലഭിച്ചതായി സൂചന ലഭിച്ചതയാണ് വിവരം. ഈ സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യാൻ സുരക്ഷാ സമിതി യേഗാം ചേരുകയായിരുന്നു.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനോടുള്ള ഇന്ത്യയുടെ ശക്തമായ പ്രതിഷേധമായാണ് ഈ നടപടികൾ വിലയിരുത്തപ്പെടുന്നത്. ഈ സംഭവവികാസങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഈ പ്രതികരണങ്ങൾ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടുകയാണ്.

Latest