Connect with us

National

പഹല്‍ഗാം ഭീകരാക്രമണം; നാല് ഭീകരരുടെ ചിത്രം പുറത്തുവിട്ട് അന്വേഷണ സംഘം

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് സൈഫുള്ള കസൂരിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്

Published

|

Last Updated

ശ്രീനഗര്‍ | ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരുടെ രേഖാചിത്രം പുറത്തുവന്നതിനു പിന്നാലെ നാലംഗസംഘത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് സുരക്ഷാ ഏജന്‍സികള്‍.ഭീകരസംഘടനയായ ലഷ്‌കര്‍ തൊയിബയുമായി ബന്ധമുള്ള ആസിഫ് ഫൗജി, സുലേമാന്‍ ഷാ, അബു തല്‍ഹ എന്നിങ്ങനെയാണ് ഇതില്‍ മൂന്നാളുകളുടെ പേരുകളെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.ആസിഫ് ഫൗജി മുന്‍ പാക് സൈനികനാണ്.ഇതില്‍ രണ്ട് പേര്‍ പ്രദേശവാസികളാണെന്നാണ് വിവരം. ഇതില്‍ ഒരാള്‍ ആദില്‍ എന്നയാളാണ്. ആദില്‍ പാക്കിസ്ഥാനില്‍ നിന്ന് അടുത്തിടെയാണ് തിരിച്ചെത്തിയത്. അക്രമികളില്‍ രണ്ട് പേര്‍ സംസാരിച്ചത് പഷ്തൂണ്‍ ഭാഷയിലാണെന്നാണ് വിവരം.ഇത് അക്രമികള്‍ പാകിസ്ഥാന്‍ സ്വദേശികളെന്നതിനുള്ള സൂചനയാണെന്നാണ് വിലയിരുത്തുന്നത്.ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പോലീസിനെ അറിയിക്കണമെന്നാണ് അന്വേഷണ സംഘം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ദി റെസിസ്റ്റന്‍സ് ഫ്രണ്ട്’ എന്ന ഭീകരസംഘടനയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്. ഇത് പാക് ഭീകരസംഘടനയായ ലഷ്‌കര്‍ തൊയിബയുടെ പിന്തുണയുള്ള ഭീകരസംഘടനയാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് സൈഫുള്ള കസൂരിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്ഥാനില്‍ നിന്നാണ് ആക്രമണം നിയന്ത്രിച്ചത്. ഭീകരസംഘത്തിന് പാകിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ചിരുന്നു. ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ഭീകരാക്രമണത്തെ തുടര്‍ന്ന് കശ്മീരിലെങ്ങും പ്രതിഷേധം ശക്തമാണ്. ജമ്മുവിലും കശ്മീരിലും ജനങ്ങള്‍ തെരുവിലിറങ്ങി. കൂറ്റന്‍ പ്രതിഷേധ റാലി നടന്നു. പ്ലക്കാര്‍ഡുകള്‍ കൈയിലേന്തിയും പാക്കിസ്ഥാനെതിരേ മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം. ജമ്മുവിലെ ഉധംപൂരില്‍ പാക് പതാക കത്തിച്ചും പ്രദേശവാസികള്‍ പ്രതിഷേധിച്ചു. ഭീകരാക്രമണത്തിനെതിരായ ഒരു കടുത്ത ദൃശ്യ പ്രതിഷേധമായി ബുധനാഴ്ച കശ്മീരിലെ പ്രമുഖ പത്രങ്ങളുടെ മുന്‍ പേജുകള്‍ കറുത്ത നിറത്തില്‍ പ്രസിദ്ധീകരിച്ചു.ഗ്രേറ്റര്‍ കശ്മീര്‍, റൈസിംഗ് കശ്മീര്‍, കശ്മീര്‍ ഉസ്മ, അഫ്താബ്, തൈമീല്‍ ഇര്‍ഷാദ് എന്നിവയുള്‍പ്പെടെയുള്ള ഇംഗ്ലീഷ്, ഉറുദു ദിനപത്രങ്ങള്‍ പരമ്പരാഗത രൂപകല്‍പ്പന ഉപേക്ഷിച്ച് ഇരുണ്ട കറുത്ത പശ്ചാത്തലം തിരഞ്ഞെടുത്തു, തലക്കെട്ടുകളും എഡിറ്റോറിയലുകളും വെള്ളയിലും ചുവപ്പിലും അച്ചടിച്ചു.പഹല്‍ഗാമിലെ ബൈസാരന് വാലിയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ആക്രമണം ഉണ്ടായത്. പ്രദേശത്തുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 28 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.

Latest