National
പഹല്‍ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍
ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു.

ശ്രീനഗര്‍| പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ശക്തമായ നിലപാട് അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ആക്രമണത്തില്‍ പാകിസ്താന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് നീക്കം.
ഭീകരാക്രമണത്തില്‍ സര്‍വകക്ഷി യോഗം വിളിക്കാനും തീരുമാനമായി. കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് വൈകിട്ട് ആറ് മണിക്ക് ഡല്‍ഹിയില്‍ ചേരും. സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും മറ്റും കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളോട് വിശദീകരിച്ചേക്കും. കേന്ദ്രമന്ത്രിയെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും.
അതേസമയം ഭീകരാക്രമണത്തില്‍ വിശദീകരണവുമായി പാകിസ്താന്‍ പ്രതിരോധ വകുപ്പ് മന്ത്രി രംഗത്തെത്തിയിട്ടുണ്ട്. ഭീകരാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ല. എല്ലാ ഭീകരതയെയും തങ്ങള്‍ എതിര്‍ക്കുമെന്നുമാണ് മന്ത്രി അറിയിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ പാക് ഭീകര സംഘടനയായ ലശ്കര്‍ ഇ ത്വയ്ബയുടെ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് സൈഫുള്ള കസൂരിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തിരുന്നു. ലശ്കറെ ത്വയ്ബയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ടിആര്‍എഫ്.ലശ്കര്‍ ഭീകരന്‍ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയാണ് കസൂരി. പാകിസ്ഥാനില്‍ നിന്നാണ് ആക്രമണം നിയന്ത്രിച്ചത്. ഭീകരസംഘത്തിന് പാകിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ചിരുന്നു. ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്
ഭീകരാക്രമണത്തെ തുടര്‍ന്ന് കശ്മീരിലെങ്ങും പ്രതിഷേധം ശക്തമാണ്. ജമ്മുവിലും കശ്മീരിലും ജനങ്ങള്‍ തെരുവിലിറങ്ങി. കൂറ്റന്‍ പ്രതിഷേധ റാലി നടന്നു. പ്ലക്കാര്‍ഡുകള്‍ കൈയിലേന്തിയും പാക്കിസ്ഥാനെതിരേ മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം. ജമ്മുവിലെ ഉധംപൂരില്‍ പാക് പതാക കത്തിച്ചും പ്രദേശവാസികള്‍ പ്രതിഷേധിച്ചു. ഭീകരാക്രമണത്തിനെതിരായ ഒരു കടുത്ത ദൃശ്യ പ്രതിഷേധമായി ബുധനാഴ്ച കശ്മീരിലെ പ്രമുഖ പത്രങ്ങളുടെ മുന്‍ പേജുകള്‍ കറുത്ത നിറത്തില്‍ പ്രസിദ്ധീകരിച്ചു.ഗ്രേറ്റര്‍ കശ്മീര്‍, റൈസിംഗ് കശ്മീര്‍, കശ്മീര്‍ ഉസ്മ, അഫ്താബ്, തൈമീല്‍ ഇര്‍ഷാദ് എന്നിവയുള്‍പ്പെടെയുള്ള ഇംഗ്ലീഷ്, ഉറുദു ദിനപത്രങ്ങള്‍ പരമ്പരാഗത രൂപകല്‍പ്പന ഉപേക്ഷിച്ച് ഇരുണ്ട കറുത്ത പശ്ചാത്തലം തിരഞ്ഞെടുത്തു, തലക്കെട്ടുകളും എഡിറ്റോറിയലുകളും വെള്ളയിലും ചുവപ്പിലും അച്ചടിച്ചു.
പഹല്‍ഗാമിലെ ബൈസാരന് വാലിയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ആക്രമണം ഉണ്ടായത്. പ്രദേശത്തുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 28 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.