Connect with us

National

പഹൽഗാം ഭീകരാക്രമണം: കുറ്റവാളികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി മോദി; അമിത് ഷാ ശ്രീനഗറിലേക്ക്

സൈനിക വേഷം ധരിച്ചെത്തിയ ഒരു സംഘം ഭീകരർ പഹൽഗാമിലെ ബൈസാരൻ പുൽമേടുകളിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

Published

|

Last Updated

ജിദ്ദ | ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ജിദ്ദയിലെത്തിയ പ്രധാനമന്ത്രി, ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

‘ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദുരിതമനുഭവിക്കുന്നവർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്’ – പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

‘ഈ ഹീനമായ പ്രവൃത്തിക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും… അവരെ വെറുതെ വിടില്ല! അവരുടെ ദുഷ്ടലാക്ക് ഒരിക്കലും വിജയിക്കില്ല. തീവ്രവാദത്തിനെതിരായ നമ്മുടെ പോരാട്ടം കൂടുതൽ ശക്തമാക്കും’ – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിക്കുകയും ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ആക്രമണം നടന്ന സ്ഥലം സന്ദർശിക്കാനും അദ്ദേഹം നിർദ്ദേശം നൽകി.

ചൊവ്വാഴ്ച ഏകദേശം 2.30 ഓടെയാണ് സംഭവം. സൈനിക വേഷം ധരിച്ചെത്തിയ ഒരു സംഘം ഭീകരർ പഹൽഗാമിലെ ബൈസാരൻ പുൽമേടുകളിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ലഷ്കർ-ഇ-തൊയ്ബയുടെ പ്രാദേശിക സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

വെടിയൊച്ച കേട്ടയുടൻ സുരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ രക്ഷപ്പെടുത്താൻ ഹെലികോപ്റ്റർ ഉപയോഗിക്കുകയും ചിലരെ നാട്ടുകാർ കുതിരപ്പുറത്ത് പുൽമേടുകളിൽ നിന്ന് താഴേക്ക് കൊണ്ടുവരികയും ചെയ്തു.

ഭീകരാക്രമണത്തെ തുടർന്ന് അമിത് ഷാ ഡൽഹിയിൽ ഉന്നതതല യോഗം വിളിച്ചുചേർത്തു. ആഭ്യന്തര സെക്രട്ടറി, ഇൻ്റലിജൻസ് ബ്യൂറോയിലെ മുതിർന്ന ഉദ്യോഗസ്ഥർ, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജമ്മു കശ്മീരിലെ പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുത്തു.

അമിത് ഷാ ഉടൻ ശ്രീനഗറിലേക്ക് പോകും. അവിടെ അടിയന്തര സുരക്ഷാ അവലോകന യോഗം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭീകരാക്രമണത്തിൽ ദുഃഖം രേഖപ്പെടുത്തിയ ആഭ്യന്തര മന്ത്രി, കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് എക്സിൽ കുറിച്ചു.

Latest