Connect with us

International

പഹല്‍ഗാം ഭീകരാക്രമണം: രാമചന്ദ്രൻ്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം ഏറ്റുവാങ്ങി

Published

|

Last Updated

കൊച്ചി | കശ്മീരിലെ പഹല്‍ഗാമിൽ വിനോദ സഞ്ചാര കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം  നാട്ടിലെത്തിച്ചു. കൊച്ചി ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രൻ്റെ മൃതദേഹം രാത്രി 8.05നാണ് എയര്‍ ഇന്ത്യയുടെ വിമാനത്തിൽ നെടുമ്പാശ്ശേരി  വിമാനത്താവളത്തിലെത്തിലെത്തിച്ചത്. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. മന്ത്രിമാരും ജനപ്രതിനിധികളും രാമചന്ദ്രൻ്റെ ബന്ധുക്കളും സന്നിഹിതരായിരുന്നു. അന്തിമോപചാരമർപ്പിക്കുന്നതിന് വൻ ജനക്കൂട്ടമാണ് വിമാനത്താവളത്തിലെത്തിയത്. അൽപ്പ സമയത്തെ പൊതുദർശനത്തിന് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും. ഇന്നും നാളെയും മോർച്ചറിയിൽ സൂക്ഷിക്കും. വിദേശത്തുള്ള സഹോദരന്‍ നാട്ടിലെത്തിയതിന് ശേഷം വെള്ളിയാഴ്ചയാണ് സംസ്കാരം.

ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ച മൃതദേഹം അവിടെ നിന്നാണ്  കൊച്ചിയിലേക്ക് എത്തിച്ചത്.  വെള്ളിയാഴ്ച രാവിലെ ഏഴ് മണി മുതൽ ഒമ്പത് മണി വരെ ചങ്ങമ്പുഴ പാർക്കിലെ പൊതുദർശനത്തിന് ശേഷം 9.30യോടെ മൃതദേഹം വീട്ടിലെത്തിക്കും. 12 മണിക്ക് ഇടപ്പള്ളി പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.

കുടുംബത്തോടൊപ്പം അവധി ആഘോഷത്തിന് ചൊവാഴ്ച രാവിലെ പഹല്‍ഗാമിലെത്തിയ രാമചന്ദ്രന്‍ മകളുടെയും പേരക്കുട്ടികളുടെയും മുന്നില്‍ വെച്ചാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. രാമചന്ദ്രനൊപ്പം ഭാര്യ ഷീലയും ഉണ്ടായിരുന്നു. എന്നാല്‍ ആക്രമണ സമയത്ത് ഷീല കാറിലായിരുന്നു.

Latest