Connect with us

National

പഹല്‍ഗാം ഭീകരാക്രമണം; രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തുവെന്ന് റിപ്പോര്‍ട്ട്

ത്രാല്‍ സ്വദേശിയായ ആസിഫ് ഹുസൈന്‍, ബിജ് ബഹേര സ്വദേശി ആദില്‍ തോക്കര്‍ എന്നീ ഭീകരരുടെ വീടുകളാണ് തകര്‍ത്തത്.

Published

|

Last Updated

ശ്രീനഗര്‍| പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ പ്രദേശവാസികളായ രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. പ്രാദേശിക ഭരണകൂടമാണ് വീടുകള്‍ ഇടിച്ചുനിരത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. വീട്ടിലുള്ളവര്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് അവിടെ നിന്ന് മാറിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ത്രാല്‍ സ്വദേശിയായ ആസിഫ് ഹുസൈന്‍, ബിജ് ബഹേര സ്വദേശി ആദില്‍ തോക്കര്‍ എന്നീ ഭീകരരുടെ വീടുകളാണ് തകര്‍ത്തത്.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ നാല് പേരെ തിരിച്ചറിഞ്ഞു. രണ്ട് പേര്‍ പാകിസ്ഥാനികളെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. അലി തല്‍ഹ, ആസിഫ് ഫൗജി എന്നിവരാണ് പാകിസ്ഥാനി ഭീകരര്‍. ആദില്‍ തോക്കര്‍, അഹ്സാന്‍ എന്നിവരാണ് കശ്മീരി ഭീകരര്‍. രണ്ട് ഭീകരരുടെ രേഖാ ചിത്രം കൂടി തയ്യാറാക്കി. നേരത്തെ മൂന്ന് പേരുടെ രേഖാചിത്രം പുറത്ത് വിട്ടിരുന്നു. ഹാഷിം മൂസ എന്ന പാകിസ്ഥാനി ഭീകരനാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. ഹാഷിം മൂസ മുമ്പ് രണ്ട് ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ അനന്ത്നാഗ് അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തില്‍ ജമ്മുകശ്മീര്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. എന്‍ഐഎ സംഘം ബൈസരണില്‍ നിന്നും ഫൊറന്‍സിക് തെളിവുകള്‍ അടക്കം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയും ഇന്ന് ജമ്മുകശ്മീരിലെത്തും.

അതേസമയം, പാകിസ്ഥാന്‍ പഞ്ചാബ് അതിര്‍ത്തിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്നപ്പോഴാണ് ജവാനെ കസ്റ്റഡിയിലെടുത്തത്. അതിര്‍ത്തിയില്‍ കൃഷി ചെയ്യുന്നവരെ സഹായിക്കാന്‍ പോയതായിരുന്നു ജവാന്‍. ജവാന്റെ ചിത്രം പാക് സേന പുറത്തുവിട്ടിരുന്നു. ഇതുവരെ ജവാനെ മോചിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ലെന്നാണ് വിവരം. ഫ്ളാഗ് മീറ്റിംഗ് വഴി ചര്‍ച്ചയിലൂടെ ജവാനെ മോചിപ്പിക്കാനാണ് ശ്രമം തുടരുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്തില്‍ നിന്ന് മൂന്ന്, കര്‍ണാടകയില്‍ നിന്ന് മൂന്ന്, മഹാരാഷ്ട്രയില്‍ നിന്ന് ആറ്, ബംഗാളില്‍ നിന്ന് രണ്ട്, ആന്ധ്രയില്‍ നിന്ന് ഒരാള്‍, കേരളത്തില്‍ നിന്ന് ഒരാള്‍, യുപി, ഒഡീഷ, ബീഹാര്‍, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും നേപ്പാളില്‍ നിന്നുള്ള ഒരാളുമാണ് മരിച്ചത്. കൊല്ലപ്പെട്ട മലയാളി കൊച്ചി സ്വദേശി രാമചന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും.

 

 

 

Latest