Connect with us

National

പഹല്‍ഗാം ഭീകരാക്രമണം; ഇന്ത്യയിലേക്കുള്ള യാത്രകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി അമേരിക്ക

ജമ്മുകശ്മീരിലേക്കും ഇന്ത്യ പാക് അതിര്‍ത്തിക്ക് 10 കിലോമീറ്റര്‍ ചുറ്റളവിലേക്കുമുള്ള യാത്രകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി|പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി അമേരിക്ക. ജമ്മുകശ്മീരിലേക്കും ഇന്ത്യ പാക് അതിര്‍ത്തിക്ക് 10 കിലോമീറ്റര്‍ ചുറ്റളവിലേക്കുമുള്ള യാത്രകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. ബുധനാഴ്ചയാണ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയത്. തീവ്രവാദി ആക്രമണവും കലാപാന്തരീക്ഷവും ഉള്ളതിനാല്‍ ജമ്മു കശ്മീരിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം. എന്നാല്‍ കിഴക്കന്‍ ലഡാക്ക്, ലേ സന്ദര്‍ശനത്തിന് മുന്നറിയിപ്പ് ബാധകമല്ലെന്നാണ് യുഎസ് എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ജാഗ്രതാ മുന്നറിയിപ്പില്‍ പറയുന്നത്.

വിനോദ സഞ്ചാരികള്‍ ധാരാളമായി എത്തുന്ന ശ്രീനഗര്‍, ഗുല്‍മാര്‍ഗ്, പഹല്‍ഗാം എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്ക് മുന്നറിയിപ്പ് ബാധകമാണ്. ജാഗ്രതാ നിര്‍ദ്ദേശത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രയില്‍ ശ്രദ്ധിക്കണ്ട കാര്യങ്ങളും വിശദമാക്കിയിട്ടുണ്ട്. സ്മാര്‍ട്ട് ട്രാവലര്‍ എന്റോള്‍മെന്റ് പദ്ധതിയില്‍ ഭാഗമാകാനും രാജ്യം നല്‍കുന്ന മുന്നറിയിപ്പുകള്‍ പിന്തുടരുക എന്നും ജാഗ്രതാ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. ഗ്രേഡ് നാലിലുള്ള മുന്നറിയിപ്പാണ് ജമ്മു കശ്മീരിലേക്കുള്ള യാത്രയില്‍ നല്‍കിയിട്ടുള്ളത്. ഇന്ത്യ പാക് അതിര്‍ത്തിയിലും ഗ്രേഡ് നാലിലുള്ള മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്.

ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്തില്‍ നിന്ന് മൂന്ന് പേര്‍, കര്‍ണാടകയില്‍ നിന്ന് മൂന്ന് പേര്‍, മഹാരാഷ്ട്രയില്‍ നിന്ന് ആറ് പേര്‍, ബംഗാളില്‍ നിന്ന് രണ്ട് പേര്‍, ആന്ധ്രയില്‍ നിന്ന് ഒരാള്‍, കേരളത്തില്‍ നിന്ന് ഒരാള്‍, യുപി, ഒഡീഷ, ബീഹാര്‍, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയിലുള്ളത്.
2019 ലെ പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യയിലുണ്ടാകുന്ന ഏറ്റവും ഭീകരമായ തീവ്രവാദി ആക്രമണമാണ് കഴിഞ്ഞ ദിവസം പഹല്‍ഗാമിലുണ്ടായത്.

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് എതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുകയാണ് ഇന്ത്യ. പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാന്‍ രാജ്യത്തിന്റെ പരമോന്നത സുരക്ഷാ തീരുമാനങ്ങള്‍ എടുക്കുന്ന സമിതിയായ സുരക്ഷാ കാബിനറ്റ് സമിതി (CCS) തീരുമാനിച്ചു. സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി റദ്ദാക്കിയതായും അട്ടാരി അതിര്‍ത്തി അടച്ചതായും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. ഭീകരാക്രമണം സംബന്ധിച്ച അന്വേഷണത്തില്‍ അതിര്‍ത്തി കടന്നുള്ള ബന്ധങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.

 

 

Latest