National
പാക് ബന്ധം: 20 യൂട്യൂബ് ചാനലുകള്‍ക്കും രണ്ട് വെബ്‌സൈറ്റുകള്‍ക്കും ഇന്ത്യയില്‍ നിരോധനം
രാജ്യവിരുദ്ധവും വ്യാജവുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ചാനലുകള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും എതിരായ നടപടി.
ന്യൂഡല്‍ഹി | പാക് ബന്ധമുണ്ടെന്ന് സംശയിക്കുന്ന 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും നിര്‍ത്തലാക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിര്‍ദേശം നല്‍കി. ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.
രാജ്യവിരുദ്ധവും വ്യാജവുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ചാനലുകള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും എതിരായ നടപടി. ഈ ചാനലുകളുടെ ഉള്ളടക്കത്തില്‍ ഏറെയും സെന്‍സിറ്റീവും വസ്തുതാ വിരുദ്ധവുമായ വിവരങ്ങളാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
കശ്മീര്‍, ഇന്ത്യന്‍ സൈന്യം, രാമക്ഷേത്രം, ന്യൂനപക്ഷ സമുദായങ്ങള്‍, അന്തരിച്ച സിഡിഎസ് ജനറല്‍ ബിപിന്‍ റാവത്ത് തുടങ്ങിയ വിഷയങ്ങളില്‍ പോസ്റ്റ് ചെയ്ത കണ്ടന്റുകള്‍ പലതും വസ്തുതാവിരുദ്ധമാണ്. കര്‍ഷകരുടെ പ്രതിഷേധം, പൗരത്വ ഭേദഗതിനിയമവുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നിവ പോസ്റ്റ് ചെയ്തുകൊണ്ട് കേന്ദ്ര സര്‍ക്കാരിനെതിരെ മതന്യൂനപക്ഷങ്ങളെ ഇളക്കിവിടാന്‍ ചില ചാനലുകള്‍ ശ്രമിച്ചതായും മന്ത്രാലയം കുറ്റപ്പെടുത്തി.