International
തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി സമ്മതിച്ച് പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ രാജി വെച്ചു
തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് ആരോപിച്ച് പാക്കിസ്ഥാന്‍ തെഹ്‌രീഖെ ഇന്‍സാഫ് പാര്‍ട്ടി പ്രതിഷേധങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെയാണ് സംഭവം
ഇസ്‌ലാമാബാദ് | പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി സമ്മതിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ രാജി വെച്ചു. റവാല്‍പിണ്ടി കമ്മീഷണര്‍ ലികായത്ത് അലി ചാത്ത എന്നയാളാണ് രാജി വെച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് ജസ്റ്റിസും കൃത്രിമം നടത്താന്‍ ഇടപെട്ടതായും ഇദ്ദേഹം ആരോപിച്ചു.
ഫെബ്രുവരി എട്ടിന് നടന്ന തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് ആരോപിച്ച് ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ തെഹ്‌രീഖെ ഇന്‍സാഫ് പാര്‍ട്ടി പ്രതിഷേധങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെയാണ് മുന്‍ റവാല്‍പിണ്ടി കമ്മീഷണര്‍ ലികായത്ത് അലി ചാത്തയുടെ ഈ പരാമര്‍ശം. തിരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ഥികളെ ജയിപ്പിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൃത്രിമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് പാക്കിസ്ഥാന്‍ പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.ഞാന്‍ ചെയ്ത അനീതിക്ക് തന്നെ ശിക്ഷിക്കണമെന്നും ഈ അനീതിയില്‍ ഉള്‍പ്പെട്ട മറ്റുള്ള എല്ലാവരെയും ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ലികായത്ത് അലി ചാത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായി തള്ളി. തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചതിന് ലികായത്ത് അലി ചാത്തയുടെ കൈവശം ഒരു തെളിവും ഇല്ലെന്നും പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.