International
പാക്കിസ്ഥാനെ എഫ് എ ടി എഫ് ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കി
2018 ജൂണിലാണ് പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.
ഇസ്‍ലാമാബാദ് | തീവ്രവാദത്തിന് ധനസഹായം നൽകുന്നതും കള്ളപ്പണം വെളുപ്പിക്കുന്നത് തടയുകയും ചെയ്യുന്ന ആഗോള നിരീക്ഷകരായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സി (എഫ് എ ടി എഫ്) ന്റെ ഗ്രേ ലിസ്റ്റിൽ നിന്ന് പാക്കിസ്ഥാനെ ഒഴിവാക്കി. സാങ്കേതിക പോരായ്മകൾ പരിഹരിക്കുന്നതിനൊപ്പം, കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ സജ്ജീകരണം പാകിസ്ഥാൻ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനെതിരെ പോരാടുന്നുണ്ടെന്നും എഫ്എടിഎഫ് വ്യക്തമാക്കി. പാരീസിൽ നടന്ന എഫ്എടിഎഫ് യോഗത്തിലാണ് പാക്കിസ്ഥാനെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്.
2018 ജൂണിലാണ് പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. തീവ്രവാദി സംഘടനകൾക്കു സാമ്പത്തിക സഹായം നൽകുന്നത് തടയാന്‍ ശ്രമിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ, അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), ലോകബാങ്ക്, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി), യൂറോപ്യൻ യൂണിയൻ എന്നിവയിൽ നിന്ന് സഹായം ലഭിക്കാൻ പാകിസ്ഥാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. പാക്കിസ്ഥാന് പണം നൽകുന്നതിന് മുമ്പ് ഈ സ്ഥാപനങ്ങൾ അധിക പരിശോധന നടത്തിയത് പണപ്പെരുപ്പവും അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും രൂക്ഷമാക്കി.
നിക്കരാഗ്വയെയും ഗ്രേ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. അതേസമയം മ്യാൻമറിനെ കൂടുതൽ കഠിനമായ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി.