Kerala
പാക്കിസ്ഥാൻ വിസ നിഷേധിച്ചിട്ടില്ല; പ്രചരിക്കുന്നത് പച്ചക്കള്ളം: ശിഹാബ് ചോറ്റൂർ
ബാങ്കു കൊടുക്കുമ്പോൾ ഓരിയിടുന്ന കുറുക്കൻമാരുടെ വില മാത്രമേ താൻ ഇത്തരം വ്യാജ പ്രചരണങ്ങൾക്ക് നൽകുന്നുള്ളൂവെന്നും ശിഹാബ്
അമൃത്സർ | മലപ്പുറത്ത് നിന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂരിന് പാക്കിസ്ഥാൻ വിസ നിഷേധിച്ചുവെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്ന വാർത്ത പച്ചക്കള്ളമെന്ന് ശിഹാബ് ചോറ്റൂർ. പാക്കിസ്ഥാൻ തനിക്ക് വിസ നിഷേധിച്ചിട്ടില്ലെന്നും ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പച്ചക്കള്ളമാണെന്നും തന്െറ ഒൗദ്യോഗിക യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ ശിഹാബ് ചോറ്റൂർ വ്യക്തമാക്കി. ബാങ്കു കൊടുക്കുമ്പോൾ ഓരിയിടുന്ന കുറുക്കൻമാരുടെ വില മാത്രമേ താൻ ഇത്തരം വ്യാജ പ്രചരണങ്ങൾക്ക് നൽകുന്നുള്ളൂവെന്നും ശിഹാബ് പറഞ്ഞു.
പാക്കിസ്ഥാൻ തനിക്ക് അനുവദിക്കാമെന്ന് പറഞ്ഞത് ടൂറിസ്റ്റ് വിസയാണ്. ഒരു മണിക്കൂർ െകാണ്ട് അത് തരാൻ അവർ തയ്യാറുമാണ്. എന്നാൽ തനിക്ക് വേണ്ടത് ട്രാൻസിറ്റ് വിസയാണ്. ഇത് ലഭിക്കണമെങ്കിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഒരു രേഖ കൂടി ഹാജരാക്കേണ്ടതുണ്ട്. അത് ലഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും അത് ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും ശിഹാബ് ചോറ്റൂർ വ്യക്തമാക്കി.
3200 കിലോമീറ്റർ നടന്നാണ് താൻ ഇവിടെ എത്തിയത്. യാത്രയുടെ 35 ശതമാനം പൂർത്തീകരിച്ചുകഴിഞ്ഞു. ഇതുവരെ മാനസികമായും ശാരീരികമായും ഒരു തളർച്ചയും നേരിട്ടിട്ടില്ല. മരണത്തിന് അല്ലാതെ മറ്റൊന്നിനും തന്നെ ഈ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ യാത്ര സംബന്ധിച്ച് പല വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ട്. താൻ അറിയാതെയാണ് അത്തരം പ്രചാരണങ്ങൾ നടക്കുന്നത്. താൻ ഔദ്യോഗികമായി പറയാത്ത ഒരു കാര്യവും ആരും വിശ്വസിക്കരുതെന്നും ശിഹാബ് ചോറ്റൂർ വ്യക്തമാക്കി.
ശിഹാബ് ചോറ്റൂരിന്റെ ഹജ്ജ് യാത്ര മുടങ്ങിയെന്നും പാക്കിസ്ഥാൻ വിസ നിഷേധിച്ചുവെന്നും ഇന്നലെ മുഖ്യധാര മാധ്യമങ്ങൾ ഉൾപ്പെടെ വാർത്ത നൽകിയിരുന്നു. പാക്കിസ്ഥാൻ വി നിഷേധിച്ച സാഹചര്യത്തിൽ യാത്ര ചൈന വഴിയാക്കാൻ ഉദ്ദേശമുണ്ടെന്നും ഇതിന് പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്നും വരെ വാർത്തകൾ വന്നിരുന്നു. ഇതാണ് ശിഹാബ് ചോറ്റൂർ നിഷേധിക്കുന്നത്.
കഴിഞ്ഞ ജൂൺ രണ്ടിന് പുത്തനത്താണി ആതവാനാട്ടിലെ വീട്ടില്‍ നിന്നാണ് ശിഹാബ് മക്ക ലക്ഷ്യമാക്കിയുള്ള നടത്തം തുടങ്ങിയത്. ദിവസവും ശരാശരി 30 മുതൽ 40 കിലോമീറ്റർ വരെയാണ് നടത്തം. യാത്ര ഇപ്പോൾ 126 ദിവസങ്ങൾ പിന്നിട്ട് പഞ്ചാബിലെ വാഗാ അതിർത്തിക്കടുത്ത് എത്തിക്കഴിഞ്ഞു. രാജ്യത്തുടനീളം സമാനതകളില്ലാത്ത സ്വീകരണമാണ് ശിഹാബിന് ലഭിച്ചത്. ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാന്‍, ഇറാന്‍, ഇറാഖ് കുവൈത്ത്, എന്നീ രാജ്യങ്ങളിലൂടെ കടന്നുപോയാണ് ശിഹാബ് സഊദി അറേബ്യയില്‍ പ്രവേശിക്കുക. എണ്ണായിരം കിലോമീറ്ററിലധികം ദൂരം പിന്നിട്ടുവേണം മക്കയിലെത്താൻ. ശിഹാബിന്റെ ഹജ്ജ് യാത്ര ഇതിനകം അന്താരാഷ്ട്ര മാധ്യമങ്ങളിലും തലക്കെട്ടായി മാറിക്കഴിഞ്ഞിട്ടുണ്ട്.