Petrol Diesel Price Hike
ഇന്ധന വില കുത്തനെ ഉയര്‍ത്തി പാക്കിസ്ഥാന്‍
പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 35 രൂപയാണ് വര്‍ധിപ്പിച്ചത്.
ഇസ്ലാമാബാദ് | കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന പാക്കിസ്ഥാൻ ഇന്ധന വില കുത്തനെ ഉയര്‍ത്തി. പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 35 രൂപയാണ് വര്‍ധിപ്പിച്ചത്. ഡോളറിനെതിരെ പാക്കിസ്ഥാന്‍ രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവുണ്ടായതിന് പിന്നാലെയാണ് ഇത്.
മണ്ണെണ്ണ, ലൈറ്റ് ഡീസൽ എന്നിവയുടെ വില ലിറ്ററിന് 18 രൂപ വീതം വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ ഒരു ലിറ്റർ ഡീസലിന് 262.80 രൂപയും പെട്രോളിന് 249.80 രൂപയും മണ്ണെണ്ണക്ക് 189.83 ലൈറ്റ് ഡീസലിന് 187 രൂപയുമായി. എണ്ണ, വാതക അധികൃതരുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചതെന്ന് പാക് ധനമന്ത്രി ഇസ്ഹാഖ് ദര്‍ പറഞ്ഞു.
വിലക്കയറ്റം പ്രതീക്ഷിച്ച് കൃത്രിമ ക്ഷാമവും ഇന്ധന പൂഴ്ത്തിവക്കലും നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് തടയാനാണ് ഈ വിലക്കയറ്റം ഉടനടി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് മാസമായി രാജ്യത്ത് ഇന്ധന വില വർധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.