Kerala
പാകിസ്താന് വ്യാപകമായ തിരിച്ചടി നല്‍കണം; കേരളവും യുദ്ധഭൂമിയായി മാറിയേക്കും: സന്ദീപ് വാര്യര്‍
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ അടിയന്തരമായി ബങ്കറുകള്‍ പണിയാന്‍ സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും തയ്യാറാകണമെന്നും സന്ദീപ് വാര്യര്‍

പാലക്കാട് | ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്കും ബലാകോട്ട് എയര്‍ സ്‌ട്രൈക്കുമൊന്നും പാകിസ്താന്റെ അഹങ്കാരത്തിന് കുറവു വരുത്തിയിട്ടില്ലാത്ത സ്ഥിതിക്ക് കുറച്ചുകൂടി ശക്തമായ വ്യാപകമായ തിരിച്ചടി തന്നെ നല്‍കണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് സന്ദീപ് വാര്യര്‍. രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കണം. ജീവത്യാഗം ചെയ്ത ഇന്ത്യന്‍ പൗരന്മാരുടെ ചോര്ക്ക് പകരം ചോദിക്കണം. അതിന് ഒറ്റക്കെട്ടായി നില്‍ക്കണം. ഇത് യുദ്ധക്കൊതിയല്ലെന്നും അദ്ദേഹം ഫേസ്ബുക് കുറിച്ചു.
‘പാകിസ്താനുമായി യുദ്ധമുണ്ടായാല്‍ അത് പഞ്ചാബിലും കാശ്മീരിലും രാജസ്ഥാനിലും ഒതുങ്ങി നില്‍ക്കും എന്ന് ആരും പ്രതീക്ഷിക്കരുത്. ഏതു നഷ്ടവും സഹിക്കാന്‍ നമ്മള്‍ തയ്യാറാകണം. ഏതു ത്യാഗവും സഹിക്കാന്‍ നമ്മള്‍ തയ്യാറാകണം. ഒരു യുദ്ധമുണ്ടായാല്‍ കേരളവും യുദ്ധഭൂമിയായി മാറാന്‍ സാധ്യതയുണ്ട്. നമുക്കും ബങ്കറുകള്‍ വേണം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ അടിയന്തരമായി ബങ്കറുകള്‍ പണിയാന്‍ കേരള സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാവണം. ഇന്നല്ലെങ്കില്‍ നാളെ കേരളത്തിന് ഇത് ആവശ്യമായിവരും.
വ്യോമാക്രമണ സമയത്ത് ചെയ്യേണ്ട കാര്യങ്ങള്‍ ജനങ്ങളെ പഠിപ്പിക്കാന്‍ ഉടന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം. നാവികസേന ആസ്ഥാനം എന്ന നിലക്ക് കൊച്ചി വള്‍നറബിള്‍ ആണ്. തീര്‍ച്ചയായും ശത്രു ലക്ഷ്യം വെക്കുന്ന ഒരു നഗരം കൊച്ചി ആയിരിക്കും. ഇന്ത്യന്‍ നാവികസേനയും എയര്‍ഫോഴ്‌സും ശത്രുവിനെ നേരിടാന്‍ സദാ സജ്ജരാണെങ്കിലും നമ്മളും കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. 1971ല്‍ അമേരിക്കയുടെ ഏഴാം കപ്പല്‍ പട വന്നിട്ടും പോടാ പുല്ലേ എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രി ഇന്ത്യക്കുണ്ടായിരുന്നു. അന്നും ചൈന ഒളിഞ്ഞും തെളിഞ്ഞും പാകിസ്താനൊപ്പമായിരുന്നു. 140 കോടി ജനങ്ങളുടെ മാര്‍ക്കറ്റാണ് ഇന്ത്യ എന്ന ബോധം ചൈനക്കും വേണം. ഇന്ത്യന്‍ സമുദ്ര അതിര്‍ത്തിയിലൂടെ കടന്നുപോകാന്‍ കഴിയാത്ത സാഹചര്യം ചൈനീസ് കപ്പലുകള്‍ക്ക് തീര്‍ക്കാന്‍ ഇന്ത്യന്‍ നാവികസേനക്ക് സാധിക്കും. ചൈനയും മറ്റു രാജ്യങ്ങളുമായുള്ള തര്‍ക്കങ്ങളില്‍ സമാന നിലപാട് ഇന്ത്യക്കും സ്വീകരിക്കാം.
ചൈനയും തുര്‍ക്കിയും എന്ത് നിലപാട് സ്വീകരിച്ചാലും ആത്യന്തികമായി സ്വന്തം പൗരന്മാരുടെ ചോരക്ക് പകരം ചോദിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. അതില്‍ നിന്ന് ഒരു തരിമ്പു പോലും പിന്മാറരുതെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.