Connect with us

Ongoing News

പാക്കിസ്ഥാനോ ഇംഗ്ലണ്ടോ; മഴയില്ലെങ്കില്‍ മെല്‍ബണില്‍ ഇന്ന് തീപാറും

ഇന്ന് ഉച്ചക്ക് ഒന്നരക്കാണ് പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള കലാശപ്പോരാട്ടം. രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇരുടീമുകളും ഇറങ്ങുന്നത്.

Published

|

Last Updated

മെല്‍ബണ്‍ | ടി 20 ലോകകപ്പ് 2022 ആര് സ്വന്തമാക്കും. കിഴക്കന്‍ മെല്‍ബണിലെ മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ആരാകും കപ്പുയര്‍ത്തുക. ഇന്ന് ഉച്ചക്ക് ഒന്നരക്കാണ് പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള തീപാറുന്ന കലാശപ്പോരാട്ടം. രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇരുടീമുകളും ഇറങ്ങുന്നത്.

മുന്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യയെ തകര്‍ത്ത് തരിപ്പണമാക്കിയാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. സെമി പ്രവേശം തന്നെ ആശങ്കയിലായിരുന്നിടത്തു നിന്നാണ് പാക്കിസ്ഥാന്‍ കലാശത്തിലേക്ക് പറന്നെത്തിയത്. ഇരു ടീമുകളും കപ്പിനായി മുഖാമുഖം വരുമ്പോള്‍ ഫലമെന്താകുമെന്നത് പ്രവചനാതീതമാണ്. അതുകൊണ്ട് തന്നെ അത്യന്തം ആവേശകരമായ ക്രിക്കറ്റ് വിരുന്നാണ് ആരാധകരെ കാത്തിരിക്കുന്നത്.

ബാറ്റിങില്‍ തുല്യ ശക്തരാണ് ഇരുടീമുകളും. കിടിലന്‍ ഫോമിലുള്ള ജോസ് ബട്‌ലര്‍, അലക്‌സ് ഹെയില്‍സ് എന്നിവര്‍ ഇംഗ്ലണ്ടിനു വേണ്ടി പരമാവധി പുറത്തെടുക്കുമെന്ന് ഉറപ്പ്. ഇന്ത്യക്കെതിരെ നടത്തിയ പ്രകടനം ആവര്‍ത്തിക്കാനായാല്‍ രണ്ടാം കിരീടം ഇംഗ്ലണ്ടിന് സ്വന്തമാകും. എന്നാല്‍, സെമിയില്‍ ബാബര്‍ അസമും റിസ്‌വാനും നടത്തിയ റണ്‍വേട്ട പാക്കിസ്ഥാന് ആത്മവിശ്വാസമേകുന്നതാണ്.

ഡേവിഡ് മലാന് പകരമറിങ്ങുന്ന ഓള്‍റൗണ്ടര്‍ ഫിലിപ് സാള്‍ട്ടിന്റെ പ്രകടനം ഇംഗ്ലണ്ടിന് നിര്‍ണായകമാകും. ക്രിസ് ജോര്‍ദാന്‍, സാം കരണ്‍ എന്നിവരുടെ പേസ് അറ്റാക്കും ടീമിന് തുണയാകും. സ്പിന്നര്‍ ആദില്‍ റഷീദിനെയും പാക്കിസ്ഥാന് പേടിക്കേണ്ടി വരും. ലെഗ് ബ്രേക്കുകളിലൂടെ ബാറ്റര്‍മാരെ വട്ടംകറക്കുന്ന ഷദാബ് ഖാന്‍ ആണ് പന്തേറില്‍ പാക്കിസ്ഥാന്റെ തുറുപ്പ് ചീട്ട്. ഹാരിസ് റഊഫ്, ഷഹീന്‍ഷാ അഫ്രീദി, നസീം ഷാ, മുഹമ്മദ് ഹാരിസ് എന്നിവരും വിക്കറ്റെടുകള്‍ കൊയ്യാന്‍ കെല്‍പ്പുള്ളവരാണ്.

മെല്‍ബണിനു മുകളില്‍ മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. മഴ കളിച്ചാല്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് വീറുറ്റ ഒരു പോരാട്ടം നഷ്ടമാകും. റിസര്‍വ് ദിനമായ തിങ്കളാഴ്ചയും മഴ കളിച്ചാല്‍ ഇരുടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കും. മഴ വില്ലനായതിനെ തുടര്‍ന്ന് സൂപ്പര്‍ 12-ല്‍ മെല്‍ബണിലെ മൂന്ന് മത്സരങ്ങള്‍ ഉപേക്ഷിച്ചിരുന്നു.

Latest