Connect with us

From the print

ശൈഖ ഹസീനയുടെ പതനം ചരട് വലിച്ചത് പാക് ചാരസംഘടന

പദ്ധതി തയ്യാറാക്കിയത് ലണ്ടനിലെന്ന് ഇന്റലിജൻസ് റിപോർട്ട്

Published

|

Last Updated

ധാക്ക | ശൈഖ ഹസീന സർക്കാറിനെ താഴെയിറക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയത് ലണ്ടനിലാണെന്നും പാക് ചാരസംഘടനയായ ഐ എസ് ഐയാണ് പ്രധാന പങ്കുവഹിച്ചതെന്നും വ്യക്തമാക്കുന്ന ഇന്റലിജൻസ് റിപോർട്ട് പുറത്ത്. പ്രധാന പ്രതിപക്ഷ കക്ഷിയായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ ആക്ടിംഗ് പ്രസിഡന്റും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരീഖ് റഹ്മാൻ, ഐ എസ് ഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നും ബംഗ്ലാദേശ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. സഊദിയിൽ വെച്ചാണ് ഐ എസ് ഐ ഏജന്റുമായി താരീഖ് സംസാരിച്ചതെന്നും റിപോർട്ടിൽ പറയുന്നുണ്ട്.
കുടിക്കാഴ്ചക്കും ഐ എസ് ഐയുടെ ഇടപെടലിനും തെളിവുകളുണ്ടെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറയുന്നു. പാകിസ്താനെ അനുകൂലിക്കുന്ന ബി എൻ പി സർക്കാറുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പാക് സൈന്യവും ഐ എസ് ഐയും സഹായിച്ചു. വിദ്യാർഥി പ്രക്ഷോഭം ആളിക്കത്തിക്കാൻ ഐ എസ് ഐ വഴി ചൈനയും ഇടപെട്ടു. 1971ലെ വിമോചന സമരത്തിൽ പങ്കെടുത്തവരുടെ പിൻമുറക്കാർക്ക് സർക്കാർ ജോലിയിൽ സംവരണം നൽകുന്നതിനെതിരെ നടന്ന പ്രക്ഷോഭം സർക്കാർവിരുദ്ധ സമരമാക്കാൻ സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം പോസ്റ്റുകളിട്ടു. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി വിഭാഗമായ ഛാത്ര ശിബിറിന്റെ നേതൃത്വത്തിൽ നടന്ന ഇടപെടൽ പ്രക്ഷോഭം അക്രമാസക്തമാകുന്നതിനും ഹസീനയുടെ രാജിയിൽ കുറഞ്ഞ ഒന്ന് കൊണ്ടും പിൻമാറ്റമില്ലെന്ന നിലയിലേക്ക് മാറുന്നതിനും കാരണമായി. ഛാത്ര ശിബിർ മാസങ്ങളോളം ഗൂഢാലോചന നടത്തിയെന്നും രഹസ്യാന്വേഷണ റിപോർട്ടിൽ പറയുന്നു.
പാകിസ്താനിൽ പ്രവർത്തിക്കുന്ന ചൈനീസ് സ്ഥാപനങ്ങളാണ് ഇതിന് ഫണ്ട് ചെയ്തത്. ബംഗ്ലാദേശ്‌വിരുദ്ധ എക്സ് ഹാൻഡിലുകൾ വഴി പ്രക്ഷോഭം ആളിക്കത്തിക്കാൻ ശ്രമിച്ചുവെന്നും ഹസീന സർക്കാറിനെതിരെ 500ലേറെ ട്വീറ്റുകൾ പാക് ഹാൻഡിലുകളിൽ നിന്ന് പ്രചരിപ്പിച്ചുവെന്നും റിപോർട്ടിൽ പറയുന്നു.
പ്രക്ഷോഭകാരികൾ ഗണഭവൻ വളയുകയും നിരവധി പേർ മരിച്ചു വീഴുകയും ചെയ്തതോടെ അധികാരമൊഴിയാൻ ഹസീനക്ക് സൈനിക നേതൃത്വം അന്ത്യശാസനം നൽകുകയായിരുന്നു. തുടർന്നാണ് അവർ രാജിവെച്ച് ഇന്ത്യയിലേക്ക് കടന്നത്. ജനറൽ വഖാറുസ്സമാന്റെ നേതൃത്വത്തിൽ പട്ടാള ഭരണത്തിൻ കീഴിലാണ് ഇപ്പോൾ ബംഗ്ലാദേശ്.

Latest