Kerala
പാലക്കാട് അപകടം; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കാറില്‍ നിന്നും മദ്യക്കുപ്പികള്‍ കണ്ടെടുത്തിട്ടുണ്ടെന്നും കാര്‍ യാത്രികര്‍ മദ്യപിച്ചിരുന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി
പാലക്കാട് | പാലക്കാട് കല്ലടിക്കോട് ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കാറില്‍ നിന്നും മദ്യക്കുപ്പികള്‍ കണ്ടെടുത്തിട്ടുണ്ടെന്നും കാര്‍ യാത്രികര്‍ മദ്യപിച്ചിരുന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും കല്ലടിക്കോട് സിഐ എം ഷഹീര്‍ വ്യക്തമാക്കി.
സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാലെ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളു. അതേസമയം ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപകടസമയം അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. ഇവരില്‍ മൂന്നു പേര്‍ തല്‍ക്ഷണം മരിച്ചു. രണ്ടു പേരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കോങ്ങാട് മണ്ണാന്തറ കീഴ്മുറി വീട്ടില്‍ കെ.കെ. വിജേഷ് (35), മണ്ണാന്തറ തോട്ടത്തില്‍ വീട്ടില്‍ വിഷ്ണു (29), വീണ്ടപ്പാറ വീണ്ടക്കുന്ന് രമേഷ് (31), മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പില്‍ മുഹമ്മദ് അഫ്‌സല്‍ (17) എന്നിവരാണ് മരിച്ചത്.