Kerala
പാലക്കാട്: പോളിങ്ങ് കുറഞ്ഞെങ്കിലും അവകാശ വാദങ്ങളുമായി മുന്നണികള്‍
കോണ്‍ഗ്രസിന് മേധാവിത്തമുള്ള പിരായിരി പഞ്ചായത്തിലും കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലും വോട്ട് കുറഞ്ഞു
പാലക്കാട് | പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറഞ്ഞതോടെ അവകാശവാദവുമായി മുന്നണികള്‍. ശക്തി കേന്ദ്രങ്ങളില്‍ പോളിംഗ് കുറഞ്ഞത് എല്ലാ സ്ഥാനാര്‍ഥികളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
2021 ല്‍ 73.71 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ ഇത് 70.51 ശതമാനമായി കുറഞ്ഞു. മൂന്ന് ശതമാനത്തിലേറെയാണ് പോളിംഗിലുണ്ടായ കുറവ്. ബിജെപി ശക്തി കേന്ദ്രമായ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ പോളിംഗ് ഉയര്‍ന്നതോടെ പ്രതീക്ഷയിലാണ് ബി ജെ പി. കോണ്‍ഗ്രസിന് മേധാവിത്തമുള്ള പിരായിരി പഞ്ചായത്തിലും കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലും വോട്ട് കുറഞ്ഞതും തങ്ങള്‍ക്ക് ഗുണകരമാവുമെന്നാണ് ബി ജെ പി പറയുന്നത്.
2021 നിയമസഭ തെരഞ്ഞെടുപ്പില്‍ നഗരസഭ പരിധിയില്‍ 65 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അന്ന് ബി ജെ പിയാണ് നഗരസഭാ പരിധിയില്‍ കൂടുതല്‍ വോട്ട് നേടിയത്. ഇത്തവണ ഇവിടെ ഒറ്റയടിക്ക് അഞ്ച് ശതമാനത്തിലേറെ വോട്ട് ഉയര്‍ന്നു. ഇത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. , യു ഡി എഫിന്റെ ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തില്‍ കഴിഞ്ഞ തവണ 77 ശതമാനമായിരുന്ന പോളിങ്, ഇത്തവണ 69.78 ശതമാനമായി കുറഞ്ഞത് യു ഡി എഫ് ക്യാമ്പില്‍ ആശങ്ക പടര്‍ത്തി. കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലും പോളിംഗ് ശതമാനം കുറഞ്ഞു. കണ്ണാടി പഞ്ചായത്തില്‍ 68.42 ശതമാനവും മാത്തൂരില്‍ 68.29 ശതമാനവുമാണ് പോളിംഗ്. ഇവിടെ സി പി എമ്മും കോണ്‍ഗ്രസും ഏറെക്കുറെ തുല്യശക്തിയാണ്.
സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബി ജെ പിയില്‍ ഉടക്കി നില്‍ക്കുന്ന വിഭാഗങ്ങളുടെ യോജിപ്പ് ഉണ്ടായെന്നും ഇതു ഗുണം ചെയ്തുവെന്നുമാണ് നേതാക്കള്‍ കരുതുന്നത്. 2,500 നും 4,000 നും ഇടയില്‍ ഭൂരിപക്ഷത്തില്‍ ജയിക്കാനാകുമെന്നും ബി ജെ പി കണക്കുകൂട്ടുന്നു. പോളിങ്ങിനു ശേഷം കോണ്‍ഗ്രസ് ക്യാമ്പ് അവകാശ വാദത്തില്‍ നിന്നു പിന്നാക്കം പോയി. നാലായിരം വോട്ടിന്റെയെങ്കിലും ഭൂരപക്ഷം എന്നാണ് പോളിങ്ങിനു ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. 2021 ല്‍ 5,000 വോട്ട് ഭൂരിപക്ഷത്തിലാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാഫി പറമ്പില്‍ ജയിച്ചത്. അന്നു ബി ജെ പിയുടെ പരാജയം ഉറപ്പാക്കാന്‍ സി പി എമ്മില്‍ നിന്ന് വോട്ട് യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിരുന്നു.
എന്നാല്‍ ഇത്തവണം ഇടത് സ്ഥാനാര്‍ത്ഥി ഡോ.പി.സരിന്റെ വിജയം ഉറപ്പിക്കാനുള്ള കണ്ണുവച്ച പ്രവര്‍ത്തനമാണ് ഇടതുമുന്നണി നടത്തിയത്. അവസാന നിമിഷം വരെയുള്ള വാശിയേറിയ പോരാട്ടമാണ് മണ്ഡലത്തില്‍ കണ്ടത്.