Kerala
പാലക്കാട് കള്ളപ്പണ റെയ്ഡ്: മന്ത്രി എം ബി രാജേഷിനെ വെറുതെ വിടില്ലെന്ന് വി ഡി സതീശന്‍
നുണ പരിശോധന നടത്തേണ്ടത് പിണറായി വിജയനെ
പാലക്കാട് | പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച മുറിയില്‍ റെയ്ഡ് നടത്താന്‍ ആസൂത്രണം ചെയ്ത മന്ത്രി എം ബി രാജേഷിനെ വെറുതെ വിടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
സ്ത്രീകളുടെ മുറിയില്‍ റെയ്ഡ് നടത്തിച്ച മന്ത്രിക്കെതിരെ നിയമ നടപടിഉള്‍പ്പെടെ സ്വീകരിക്കും. റെയ്ഡില്‍ സി പി എം പരിഹാസ്യമായി. മന്ത്രി എം ബി രാജേഷും ഭാര്യാ സഹോദരനായ സി പി എം നേതാവുമാണ് പാലക്കാട് ഹോട്ടലിലെ റെയ്ഡ് നാടകത്തിനു പിന്നില്‍.
കൊടകര ആരോപണത്തില്‍ നിന്ന് ബി ജെ പിയെ രക്ഷിക്കാനുള്ള നീക്കമാണ് നടന്നത്. നുണ പരിശോധന നടത്തേണ്ടത് പിണറായി വിജയനെയാണ്. ഹോട്ടലിലെ ദൃശ്യങ്ങള്‍ പോലീസിന്റെ കൈയ്യിലിരിക്കുമ്പോള്‍ സി പി എം എഡിറ്റ് ചെയ്ത ദൃശ്യം പുറത്തു വിടുന്നു. പോലീസിനു നാണമില്ലെ. സി പി എമ്മിന്റെ അടിമക്കൂട്ടങ്ങളായി പോലീസ് മാറി.
പരിശോധനയില്‍ സി പി എമ്മില്‍ ആശയക്കുഴപ്പമുണ്ട്. പെട്ടിയുമായി രാഹുല്‍ ഒളിച്ചിരിക്കുന്നു എന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് രാഹുല്‍ കോഴിക്കോട്ടു നിന്ന് ഞാനിവിടെ ഉണ്ടെന്ന് ലൈവ് ചെയ്തത്. കോഴിക്കോട്ട് എന്തിനു പോയി എന്നു മാധ്യമങ്ങളോടു പറയേണ്ടതില്ല. പോലീസ് റെയ്ഡ് കൈരളി ടി വി എങ്ങിനെ അറിഞ്ഞു. ഡി വൈ എഫ് ഐ, ബി ജെ പി നേതാക്കളെയെല്ലാം വിളിച്ചു പറഞ്ഞത് മന്ത്രിയുടെ അളിയനാണ്. പാലക്കാട് താന്‍ പോകുന്നത് തടയാന്‍ നൂറു ജന്മം കഴിഞ്ഞാലും പിണറായി വിജയനു പറ്റില്ല. പിന്നെയല്ലെ ജില്ലാ സെക്രട്ടറി എന്ന ഓലപ്പാമ്പ് എന്നും വി ഡി സതീശന്‍ ചോദിച്ചു.