Connect with us

Kerala

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; സരിന്റെ നീക്കം കോണ്‍ഗ്രസ്സിന് തിരിച്ചടി

സാഹചര്യം നീരീക്ഷിച്ച് സി പി എം

Published

|

Last Updated

തിരുവനന്തപുരം | പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു രംഗത്തുവന്ന കെ പി സി സി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി സരിനെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നതോടെ പാലക്ക് ഉപതിരഞ്ഞെടുപ്പു രംഗം കലുഷിതമായി.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പലിന്റെ നോമിനിയാണെന്നും ഈ തോനിവാസം അംഗീകരിക്കില്ലെന്നും പരസ്യമായി പറഞ്ഞ സരിനെതിരെ അച്ചടക്ക നടപടിയെടുക്കാതെ പാര്‍ട്ടിക്കു മുന്നോട്ടു പോവാന്‍ കഴിയില്ല. പാര്‍ട്ടി സംവിധാനത്തിനെതിരായ ശക്തമായ വെല്ലുവിളിയുയര്‍ത്തിയ സരിന്‍ പാര്‍ട്ടി പദവിയില്‍ തുടര്‍ന്നാല്‍ അതു പാര്‍ട്ടിക്ക് ക്ഷതമേല്‍പ്പിക്കുന്നതായിരിക്കും.

രാഹുല്‍ മിടു മിടുക്കനാണെന്നും ഷാഫിയുടെ ചോയ്‌സ് എന്നത് അധിക നേട്ടമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. വൈകാരികമായി പ്രതികരിക്കരുത് എന്ന് സരിനോട് ആവശ്യപ്പെട്ടിരുന്നു. അച്ചടക്ക ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് കെ പി സി സി പ്രസിഡന്റ് പരിശോധിച്ച് പറയുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പി സരിത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ അച്ചടക്ക ലംഘനം ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നാണ് കെപി സി സി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയം കോണ്‍ഗ്രസ് കീഴ് വഴക്കം അനുസരിച്ചാണ് നടന്നത്. സ്ഥാനാര്‍ഥി ആകണമെന്ന് സരിന്‍ നേരിട്ട് വന്നു ആവശ്യപ്പെട്ടിരുന്നു. ആലോചിച്ചു പറയാം എന്നാണ് സരിനോട് പറഞ്ഞത്. പരസ്യമായി പ്രതികരിച്ചത് ശരിയായില്ല. അത് സരിന് ഗുണകരമല്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാല്‍ ഹരിയാന ആവര്‍ത്തിക്കുമെന്നും സരിന്‍ പരസ്യമായി പറഞ്ഞു. പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യവും ചര്‍ച്ചകളും വേണമെന്നും സരിന്‍ ആവശ്യപ്പെട്ടു.

സിറ്റിങ്ങ് സീറ്റില്‍ നേരത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി ഒരുപടി മുന്നില്‍ നില്‍ക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടി നല്‍കിയ സരിന്റെ നീക്കം ഇടതുപക്ഷം നിരീക്ഷിക്കുകയാണ്.
സരിന്‍ ഇടതു ഇടതുപക്ഷത്തേക്കു നീങ്ങിയേക്കുമെന്ന ശക്തമായ സൂചനയാണു പുറത്തു വരുന്നത്. സിവില്‍ സര്‍വീസില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനെത്തിയ ഡോക്ടറായ സരിന്‍ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. ഇത്തരമൊരാളെ ഇടതുപക്ഷത്തേക്കു ലഭിക്കുന്നത് നല്ലതായിരിക്കുമെന്ന വിലയിരുത്തലിലാണ് സി പി എം.

സരിന്‍ നടത്തിയ പരസ്യ പ്രതികരണം മാത്രമാണ് തങ്ങള്‍ക്കു മുന്നിലുള്ളതെന്നും കാര്യങ്ങള്‍ നീരീക്ഷിക്കുകയാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരസ്യമായി തള്ളിപ്പറഞ്ഞ പി സരിന്‍ സി പി എം നേതാക്കളുമായി ആശയവിനിമയം നടത്തിയതായി സൂചനയുണ്ട്. എല്‍ ഡി എഫിന് ജയിക്കാന്‍ പറ്റുന്ന എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്നും ജനങ്ങള്‍ക്കിടയില്‍ നല്ല സ്വീകാര്യതയുള്ളയാളായിരിക്കും സ്ഥാനാര്‍ത്ഥിയെന്നും എ കെ ബാലന്‍ പ്രതികരിച്ചു.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നിമിഷം വരെ കോണ്‍ഗ്രസ്സിന് സ്ഥാനാര്‍ഥി നിര്‍ണയം പുനപ്പരിശോധിക്കാന്‍ അവസരമുണ്ടെന്നാണ് സരിന്‍ പറഞ്ഞത്. ബി ജെ പിയുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ മണ്ഡലം തമ്മില്‍ തല്ലിലൂടെ ബി ജെ പിക്ക് സമ്മാനിച്ചാല്‍ അത് കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയായിരിക്കും. ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാജ്യ സഭാ സീറ്റ് രാജി വച്ച എ ഐ സി സി സെക്രട്ടറി കെ സി വേണു ഗോപാലിന്റെ ഒഴിവില്‍ ബി ജെ പി അംഗം രാജ്യസഭയില്‍ എത്തിയിരുന്നു. ഷാഫി പറമ്പില്‍ രാജി വച്ച ഒഴിവില്‍ ബി ജെ പി നിയമ സഭയില്‍ എത്തിയാല്‍ വരുന്ന നിയമ സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായിരിക്കും. തൃശൂരില്‍ കോണ്‍ഗ്രസ് വോട്ടു ചോര്‍ന്നാണ് സുരേഷ് ഗോപി ജയിച്ചതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും തൃശൂര്‍പൂരം കലക്കി ഇടതുപക്ഷം ബി ജെ പിക്ക് ജയിക്കാന്‍ വഴിയൊരുക്കിയെന്ന യു ഡി എഫ് പ്രചാരണം വിജയിച്ചതോടെ സി പി എം- ബി ജെ പി ഡീല്‍ എന്ന പ്രചാരണത്തിനു മേല്‍ക്കൈ ലഭിച്ചതിലൂടെ കോണ്‍ഗ്രസിന്റെ മുഖം വികൃതമായില്ല.

എന്നാല്‍ ഷാഫി പറമ്പിലും കെ സി വേണുഗോപാലും രാജിവച്ചു മത്സരിക്കുന്നത് ബി ജെ പിക്കു ഗുണകരമായിരിക്കുമെന്നു തിരഞ്ഞെടുപ്പു ഘട്ടത്തില്‍ സി പി എം പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ശരിയായി വരുന്ന സാഹച്യരം ഉണ്ടാവുന്നതോടെ നിയമ സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു കരുതുന്നു ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയാവുമെന്നാണ് കരുതുന്നത്.

 

 

Latest