From the print
പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ്; ഒരുക്കം തുടങ്ങി; സ്ഥാനാർഥി പ്രഖ്യാപനം ഉടൻ
വയനാട്ടിലേക്ക് സ്ഥാനാർഥിയെ തിരഞ്ഞ് സി പി ഐ

തിരുവനന്തപുരം | പാർലിമെന്റ്തിരഞ്ഞെടുപ്പിന് പിന്നാലെ ഒഴിവുവന്ന പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഒരുക്കങ്ങൾ ആരംഭിച്ച് സി പി എമ്മും കോൺഗ്രസ്സും. അടുത്തയാഴ്ച ആദ്യം വിജ്ഞാപനം വരുമെന്ന പ്രതീക്ഷയിൽ പ്രദേശികതലത്തിൽ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച ഇരു പാർട്ടികളും ആദ്യഘട്ട സാധ്യതാ പട്ടിക തയ്യാറാക്കുന്ന നടപടികൾ തുടങ്ങി. കോൺഗ്രസ്സിലെ സ്ഥാനാർഥിനിർണയം അന്തിമഘട്ടത്തിലാണ്. സർവേ ഫലം അടിസ്ഥാനമാക്കിയാണ് സ്ഥാനാർഥികളെ നിശ്ചയിക്കുക. സർവേ നടത്തിയ സ്വകാര്യ ഏജൻസി ഉടൻ തന്നെ ഫലം കെ പി സി സിക്ക് കൈമാറും.
ഷാഫി പറമ്പിൽ വടകരയിൽ നിന്നും കെ രാധാകൃഷ്ണൻ ആലത്തൂരിൽ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് പാലക്കാട്ടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെ ചർച്ചകൾക്ക് ശേഷം സി പി എം അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നാണ് വിവരം. രാഹുൽ ഗാന്ധിയുടെ മണ്ഡലമായിരുന്ന വയനാട്ടിലേക്ക് കോൺഗ്രസ്സ് പ്രിയങ്ക ഗാന്ധിയെ പ്രഖ്യാപിച്ചതിനാൽ സ്ഥാനാർഥി ചർച്ചകൾ സി പി ഐയും ആരംഭിച്ചിട്ടുണ്ട്.
ചേലക്കരയിൽ മുൻ എം എൽ എ. യു ആർ പ്രദീപിനെ സ്ഥാനാർഥിയാക്കാനാണ് സി പി എം ആലോചന. പാലക്കാട്ട് യോഗ്യനായ സ്ഥാനാർഥിയെ കണ്ടെത്താനും ജില്ലാ ഘടകത്തിന് നിർദേശം നൽകിയിട്ടുണ്ട്. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിൽ സ്ഥാനാർഥികളെ അന്തിമമാക്കും. ഏറെ രാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്ന സമയത്താണ് സി പി എം തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതെന്നതിനാൽ ചേലക്കര നിലനിർത്തുകയാണ് പാർട്ടിക്ക് പ്രധാനം.
ചേലക്കരയിൽ കെ രാധാകൃഷ്ണന് വേണ്ടി മാറിക്കൊടുത്ത യു ആർ പ്രദീപിനെ തന്നെ വീണ്ടും സ്ഥാനാർഥിയാക്കുന്നതിലൂടെ വിജയം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയാണ് സി പി എം കേന്ദ്രങ്ങൾ പങ്കുവെക്കുന്നത്. എന്നാൽ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി രണ്ടാം സ്ഥാനത്ത് വന്ന പാലക്കാട്ട് മികച്ച സ്ഥാനാർഥിയെയാണ് സി പി എം ആലോചിക്കുന്നത്. പൊതുസ്വതന്ത്രനും പരിഗണനയിലുണ്ടെന്നാണ് വിവരം.
അതേസമയം, പാലക്കാട്ടും ചേലക്കരയിലും കോൺഗ്രസ്സിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. പാലക്കാട്ട് ബി ജെ പിയുടെ വോട്ടും ചേലക്കരയിൽ സി പി എം വോട്ടും മറികടക്കാനാകുന്ന ജനകീയരെ സ്ഥാനാർഥികളാക്കണമെന്ന നിർദേശമാണ് ഹൈക്കമാൻഡ് നൽകിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, കെ പി സി സി സോഷ്യൽ മീഡിയാ സെൽ ചെയർമാൻ പി സരിൻ, കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബൽറാം, സുമേഷ് അച്യുതൻ എന്നിവരാണ് പരിഗണനയിലുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ തോറ്റ രമ്യ ഹരിദാസിന് ചേലക്കരയിൽ ഒരവസരം നൽകുന്നതിൽ ഏകദേശ ധാരണയായിട്ടുണ്ട്.
രാധാകൃഷ്ണൻ മാറുന്നതോടെ ചേലക്കരയിലെ സി പി എം വോട്ടുകൾ ഭിന്നിച്ച് കോൺഗ്രസ്സിലേക്കെത്തുമെന്നാണ് കോൺഗ്രസ്സ് നേതാക്കളുടെ പ്രതീക്ഷ. രമ്യ ഹരിദാസിന് പുറമെ കെ എ തുളസി, വി പി സജീന്ദ്രൻ, എൻ കെ സുധീർ, കെ ബി ശശികുമാർ എന്നിവരും സാധ്യതാ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കെ എ തുളസി, കെ ബി ശശികുമാർ എന്നിവർ നേരത്തേ മണ്ഡലത്തിൽ കോൺഗ്രസ്സ് സ്ഥാനാർഥികളായിട്ടുണ്ട്.
അതേസമയം, കോർ കമ്മിറ്റി അംഗം ശോഭാ സുരേന്ദ്രൻ, സി കൃഷ്ണകുമാർ എന്നിവരെയാണ് ബി ജെ പി പാലക്കാട്ട് പരിഗണിക്കുന്നത്. പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ മികച്ച പ്രകടനം കൃഷ്ണകുമാറിന്റെ സാധ്യത വർധിപ്പിക്കുന്നു. ആലത്തൂരിൽ മത്സരിച്ച ടി എൻ സരസു ചേലക്കരയിൽ ബി ജെ പി സ്ഥാനാർഥിയായേക്കും.