Kerala
പാലക്കാട് മത്സരം ബി ജെ പിയുമായി; മുരളീധരനെ തള്ളി വി ഡി സതീശന്‍
യു ഡി എഫില്‍ കാര്യങ്ങള്‍ നടത്തുന്നത് താനാണെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം | പാലക്കാട് മത്സരം എല്‍ ഡി എഫും യു ഡി എഫും തമ്മിലാണെന്ന കെ മുരളീധരന്റെ പരാമര്‍ശത്തെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യു ഡി എഫില്‍ കാര്യങ്ങള്‍ നടത്തുന്നത് താനാണ്. താന്‍ പറയുന്നതാണ് വസ്തുതയെന്നും സതീശന്‍ പ്രതികരിച്ചു. പാലക്കാട്ട് ബി ജെ പിയും യു ഡി എഫും തമ്മിലാണ് മത്സരമെന്നും എല്‍ ഡി എഫ് മൂന്നാംസ്ഥാനത്തിനായാണ് മത്സരിക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഇ പി ജയരാജനെ പാലക്കാട് പ്രചാരണത്തിന് എത്തിച്ചിട്ടും കാര്യമില്ല. ഇ പി ജയരാജന്‍ സരിനെതിരെ പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞു. ഇനി തിരുത്തി പറഞ്ഞിട്ടും കാര്യമില്ല. പാര്‍ട്ടി പറഞ്ഞതു കൊണ്ടു മാത്രമാണ് ഇപി പാലക്കാട്ടെത്തുന്നത്. സരിനെ പറ്റി ഇ പി പറഞ്ഞത് യാഥാര്‍ത്ഥ്യം മാത്രമാണ്. സരിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ സി പി എമ്മിനകത്ത് അതൃപ്തിയുണ്ട്. ഇ പി അക്കാര്യം തുറന്നുപറഞ്ഞെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. ജയരാജന്റെ പുസ്തകത്തിന്റെ പ്രകാശനം നീട്ടിവെച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദം കാരണമെന്നും വി ഡി സതീശന്‍ ആരോപിച്ചു.
സരിന്‍ സ്ഥാനാര്‍ത്ഥിയായതോടെ എല്‍ ഡി എഫ് മൂന്നാം സ്ഥാനത്ത് തന്നെ തുടരുമെന്നും പാലക്കാട് യുഡിഎഫ് പതിനായിരം വോട്ടിന് മുകളില്‍ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു.